കൽപ്പറ്റ: രാഹുൽഗാന്ധി എം.പിക്കെതിരായ ബി.ജെ.പി വക്താവിന്റെ ആരോപണങ്ങൾ വയനാട്ടുകാർ പുച്ഛിച്ചു തള്ളുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. രാഹുൽഗാന്ധി എം പിയെ അപകീർത്തിപ്പെടുത്താനും, തേജോവധം ചെയ്യാനുമുള്ള ശ്രമം കോൺഗ്രസ് കൈയ്യും കെട്ടി നോക്കിനിൽക്കില്ല. രാഹുൽഗാന്ധി എം.പിയായതിന് ശേഷം വയനാടിന് വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് ഇവിടുത്തെ ജനങ്ങൾക്കറിയാം. പ്രളയകാലത്തും കൊവിഡ് കാലത്തും രാഹുൽഗാന്ധി നിരവധി കാര്യങ്ങളാണ് ഇവി​ടെ ചെയ്തത്. മെഡിക്കൽ കോളജ്, വന്യമൃഗശല്യം, കാർഷികപ്രശ്നങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങൾ രാഹുൽഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ കോൺഗ്രസ് എം.പിമാരുടെ ആവശ്യങ്ങൾ തള്ളുകയും, അവർക്ക് ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കേന്ദ്രസർക്കാർ. നെഹ്റുവും ഇന്ദിരയും രാജീവ്ഗാന്ധിയും മൻമോഹൻസിംഗുമടക്കമുള്ള പ്രധാനമന്ത്രിമാരുടെ കാലത്ത് നേടിയതെല്ലാം വിറ്റുതുലയ്ക്കുകയാണ് മോദി സർക്കാർ. കർഷകരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും, രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മോദിയുടെ ആളുകളുടെ ഉപദേശം രാഹുൽഗാന്ധിക്ക് ആവശ്യമില്ല. ദേശീയനേതാവെന്ന നിലയിൽ രാഹുൽഗാന്ധിക്ക് വിദേശത്തേക്ക് പോകേണ്ടി വരുന്നത് സ്വാഭാവികമാണ്. മോദി സർക്കാർ നഞ്ചൻഗോഡ് വയനാട്നിലമ്പൂർ റെയിൽപാത, ചുരം ബദൽപാത എന്നി​വ നടപ്പിലാക്കികാണിക്കുകയാണ് വേണ്ടതെന്നും നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, കെ.എൽ.പൗലോസ് എന്നി​വർ പങ്കെടുത്തു.