strike
കോ​ഴി​ക്കോ​ട് ​വ​ലി​യ​ങ്ങാ​ടി​ ​ഫു​ഡ് ​സ്ട്രീ​റ്റാ​ക്കു​ന്ന​തി​നെ​തി​രെ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​യു​ക്ത​ ​സ​മ​ര​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​റാ​ലി

കോഴിക്കോട്: കോഴിക്കോടിന് പുതുവർഷ സമ്മാനമെന്നോണം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ഫുഡ് സ്ട്രീറ്റ് ഒടുവിൽ മറ്റെവിടേക്കെങ്കിലും മാറിപ്പോയേക്കുമോ ?. രാത്രി ഭക്ഷണത്തെരുവിനായി കണ്ടുവെച്ച വലിയങ്ങാടി വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ വ്യാപാരികളും തൊഴിലാളികളും രംഗത്തെത്തിയതോടെ പദ്ധതിയ്ക്ക് ഇവിടെ കരിനിഴൽ വീണുകഴിഞ്ഞു.

കോർപറേഷനുമായി സഹകരണത്തോടെ ഫുഡ് സ്ട്രീറ്റ് നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അപ്രതീക്ഷിതമായി എതിർപ്പുയർന്നിരിക്കെ ഇവിടെ പദ്ധതിയുടെ ഭാവി ആശങ്കയിലായി. കോഴിക്കോട്ടുകാർക്ക് എതിർപ്പുണ്ടെങ്കിൽ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ച മറ്റു ജില്ലകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാറ്റേണ്ടി വരുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതി പ്രഖ്യാപനം വന്നപ്പോൾ പൊതുവെ വലിയ ആവേശമായിരുന്നു നഗരവാസികളിൽ നിന്ന്. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമ ജില്ലയ്ക്ക് പുറത്തേക്കു കൂടി എത്തുന്നതോടെ ഇവിടെ ടൂറിസത്തിന്റെ പുതിയ കവാടം തുറക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കോർപറേഷൻ അധികൃതർ.
കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ഫുഡ്‌ സ്ട്രീറ്റ് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ടൂറിസം വകുപ്പിന്റെ പ്രോജക്ട്. കോർപ്പറേഷന്റെ സമ്മർദ്ദം മുറുകിയതോടെ ആദ്യം കോഴിക്കോട്ട് തന്നെയാവട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. രാത്രി ഏഴു മുതൽ പന്ത്രണ്ടു വരെ തുറന്നിടുന്ന സമൃദ്ധമായ ഭക്ഷണശാലയിലൂടെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുതിയ മാനം തീർക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ, വലിയങ്ങാടിയെ പോലെ തിരക്കേറിയ തെരുവിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കരുതെന്ന വാദമുയർത്തുകയാണ് വ്യാപാരികൾ. ചെറുത്തുനില്പിന്റെ വഴിയിൽ തൊഴിലാളികളും ഒപ്പം തന്നെയുണ്ട്.

എതിർപ്പിനു ആക്കം കൂടിയ സാഹചര്യത്തിൽ ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വ്യാപാരി - തൊഴിലാളി പ്രതിനിധികളെയും കോർപ്പറേഷൻ അധികൃതരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയതാണ്. പക്ഷേ, ചർച്ച ഫലപ്രാപ്തിയിലെത്തിയില്ല. വലിയങ്ങാടിയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പ്രതിഷേധ പ്രകടനം കൂടിയായതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയാണ്.


'വലിയങ്ങാടിയുടെ പൈതൃകം

തകർക്കുന്ന പദ്ധതി വേണ്ട"
വലിയങ്ങാടിയുടെ പൈതൃകവും സുരക്ഷയും തകർക്കുന്ന പദ്ധതി ഇവിടെ അനുവദിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു. വൈകുന്നേരം മുതൽ പുലരുംവരെ അടഞ്ഞുകിടക്കുന്ന തെരുവല്ല വലിയങ്ങാടി. പകലും രാത്രിയും ഇവിടെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. രാത്രി ഭക്ഷണത്തെരുവായി മാറിക്കഴിഞ്ഞാൽ വൈകാതെ വലിയങ്ങാടി മറ്റൊരിടത്തേക്ക് പൊളിച്ചുകൊണ്ടു പോകേണ്ട അവസ്ഥയാകും വരികയെന്ന് കോ - ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.പി. റാഫി പറഞ്ഞു. വൈകിട്ട് ഏഴിന് ഫുഡ്‌ സ്ട്രീറ്റിൽ കച്ചവടം തുടങ്ങണമെങ്കിൽ നാലു മണിക്കെങ്കിലും തയ്യാറെടുപ്പ് തുടങ്ങേണ്ടി വരും. അപ്പോൾ വലിയങ്ങാടിയിലെ കച്ചവടക്കാരും തൊഴിലാളികളും ഏങ്ങോട്ടു പോകും?.

പ്രതിഷേധ പ്രകടനത്തിന് എം.വി.സമീർ, ഷാജി പെരുവയൽ, ടി.പി.ആലിക്കോയ, പി.മോഹനൻ, വി.അബ്ദുള്ളക്കോയ, ടി.പി.സുബൈർ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോഴിക്കോടല്ലെങ്കിൽ മറ്റൊരിടം:

മന്ത്രി മുഹമ്മദ് റിയാസ്
ഫുഡ് സ്ട്രീറ്റ് വലിയങ്ങാടിയിൽ അടിച്ചേല്പിക്കില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ പ്രസ്റ്റീജ് പ്രോജക്ടാണ് ഫുഡ് സ്ട്രീറ്റ്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈകാതെ രാത്രി ഭക്ഷണത്തെരുവുകളുണരും. ഓരോ നാടിന്റെയും തനതുരുചി ലോകം മുഴുവൻ അറിയട്ടെയെന്ന ലക്ഷ്യത്തോടെയാണിത്. കോഴിക്കോട്ട് നിന്ന് തുടങ്ങാമെന്ന് കരുതിയത് കോർപ്പറേഷൻ നേരത്തെ തന്നെ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ച് ബഡ്‌ജറ്റിൽ പരാമർശിച്ചതു കൊണ്ടുകൂടിയാണ്. വലിയങ്ങാടിയിൽ എതിർപ്പുയർന്നെന്ന് അറിഞ്ഞതോടെ അത് പരിഹരിക്കാൻ കളക്ടർക്കും കോർപ്പറേഷനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ ചർച്ച നടത്തുന്നുമുണ്ട്. ആളുകളുടെ എതിർപ്പ് അവഗണിച്ച് പദ്ധതി കൊണ്ടുവരാൻ ടൂറിസം വകുപ്പിനു താത്പര്യമില്ല. തുടക്കം കോഴിക്കോട്ടല്ലെങ്കിൽ മറ്റൊരിടത്ത് ഉടനെ ആദ്യത്തെ ഫ്ഡ് സ്ട്രീറ്റ് വരും. കോഴിക്കോടിന്റെ ഭക്ഷണവിശേഷ മഹിമയിൽ നിന്ന് ആദ്യം തുടങ്ങാമെന്ന് കരുതിയെന്നു മാത്രം.