സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷന് സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുക വഴി സമീപത്തെ ആശുപത്രിക്ക് ഇളക്കം തട്ടുകയും രോഗികളും കൂട്ടിരിപ്പുകാരും ഭയന്നോടുകയും ചെയ്തു. ഇതുസംബന്ധിച്ച് അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വളരെ ഉയരത്തിലുള്ള ടാങ്ക് പൊളിച്ച് താഴെക്കിട്ടത്. വൻശബ്ദത്തോടെ ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയോട് ചേർന്നാണ് ടാങ്ക് നിലംപതിച്ചത്. ഈ സമയം ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുന്നുണ്ടായിരുന്നു. വൈദ്യുതി നിലയ്ക്കുകയും ശബ്ദവും കുലുക്കവും കാരണം രോഗികൾ പേടിച്ച് പുറത്തേക്കോടുകയും ചെയ്തു. അതിനിടെ രണ്ട്‌പേർക്ക് ചെറിയ തോതിൽ പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി ഉടമകൂടിയായ ഡോക്ടർ പറഞ്ഞു.

ടാങ്കിന്റെ ബലക്ഷയം കാരണം ടാങ്ക് പാളിച്ചുമാറ്റാൻ വാട്ടർ അതോറിറ്റി കരാർ നൽകിയിരുന്നു. കരാറുകാരൻ മറ്റൊരാൾക്ക് സബ് കരാർ നൽകി. ഇവർ സമീപവാസികൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ടാങ്ക് പൊളിച്ച് താഴേക്കിട്ടത്. യാതൊരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെയാണ് പൊളിക്കൽ നടത്തിയതെന്ന് ഡോക്ടർ പറഞ്ഞു.