കോഴിക്കോട്: നവജാത ശിശുവിന് ആദ്യദിനങ്ങളിലുണ്ടാകുന്ന സങ്കീർണതകൾ പൂർണമായും പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച നിയോ ക്രാഡിൽ പദ്ധതിയ്ക്ക് ഇന്നു തുടക്കമാവും. രാവിലെ 11ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിള ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്‌സ്, നാഷണൽ നിയോനാറ്റൽ ഫോറം എന്നിവയുടെ സഹകരണത്തോടെ പദ്ധതി ആരംഭിക്കുന്നത്.
നവജാത ശിശുക്കളിൽ ചിലർക്ക് ശരീരോഷ്മാവ്, രക്തത്തിലെ പഞ്ചസാര, ഓക്‌സിജൻ എന്നിവ കുറയുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളായി മാറാൻ സാദ്ധ്യതയുള്ള ഇത്തരം ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസിൽ പരിചരണം നൽകി സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ സാധിക്കും.