കൊയിലാണ്ടി: ഒന്നും രണ്ടുമല്ല 25 വർഷമായി ഈ നാറ്റം സഹിച്ചാണ് ഞങ്ങൾ നടക്കുന്നത്. ഇത് എന്നാണ് ശരിയാക്കുന്നത്? കൊയിലാണ്ടിക്കാരുടെ ഈ ചോദ്യത്തിന് അധികാരികളിൽ നിന്ന് മറുപടി ഒന്നുമില്ല. ഓരോ തദ്ദേശ തിരഞ്ഞെടുപ്പിലെയും പ്രധാനചർച്ചാ വിഷയം ഇത് തന്നെയായിരിക്കും. എന്നാൽ കാലം ഇത്രയായിട്ടും മാറ്റം ഒന്നുമില്ലെന്ന് മാതം. കൊയലാണ്ടി താലൂക്ക് ആശുപത്രി തോട്ടു മുഖം ഡ്രെയിനേജ് തകർന്നതോടെ ദുരിതത്തിലായി കാൽനടയാത്രക്കാർ. ദുർഗന്ധവും കൊതുകുകടിയും സഹിച്ചാണ് നാട്ടുകാരുടെ യാത്ര. നഗരസഭയിലെ 39-ാം ഡിവിഷനിലൂടെയാണ് ടൗണിലെ ഏക ഡ്രെയിനേജ് കടന്ന് പോകുന്നത്. ഡ്രെയിനേജിന്റെ അടിത്തട്ടും മുകൾ ഭാഗത്തെ സ്ലാബും പലയിടങ്ങളിലായി തകർന്നു കിടക്കുകയാണ്. റോഡിനടിയിലൂടെ പോകുന്ന പൈപ്പിൽനിന്നു പുറത്തുവരുന്ന മലിനജലം റോഡിൽ കെട്ടിക്കിടക്കുകയാണ്. മഴസമയത്താണ് പ്രശ്നം രൂക്ഷമാകുന്നത്. വലിയ തോതിൽ മാലിന്യം പുറത്തെത്തും. മാലിന്യം കലർന്ന മഴവെള്ളത്തിൽക്കൂടി നടക്കേണ്ട ഗതികേടിലാണ് പ്രദേശത്തു താമസിക്കുന്നവർ.താലൂക്ക് ആശുപത്രി, ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, സബ്ബ് ജയിൽ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. മലിന ജലം ഒഴുകിയെത്തുന്ന തോട്ടുമുഖത്തിനടുത്താണ് പള്ളി, മദ്രസ, സ്കൂൾ എന്നിവ പ്രവർത്തിക്കുന്നത്. മൂക്കുപൊത്താതെ ഈ പ്രദേശത്തുകൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണന്ന് നാട്ടുകാർ പറയുന്നത്. നഗരം വികസിക്കുന്നതിനനുസരിച്ച് മാലിന്യത്തിന്റെ അളവും വർദ്ധിക്കുകയാണ്.
നഗരസഭയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ ഡിവിഷനുകളിലൊന്നാണ് 39ാം ഡി വിഷൻ. മലിന ജലം സമീപത്തെ കിണറുകളിലേക്കും എത്തുന്നുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
2020-2021 വർഷത്തെ ബഡ്ജറ്റിൽ അമ്പത് ലക്ഷം രൂപ ഡ്രെയിനേജ് നവീകരണത്തിന് നീക്കിവെച്ചിരുന്നു. ഇതുവരെയും ഒരു നടപടിയും ആയിട്ടില്ല
എ.അസീസ്
കൗൺസിലർ
നിലവിലുള്ള ഡ്രെയിനേജ് പുതുക്കി പണിത് ശുചീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയും. പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം പള്ളി കമ്മിറ്റി നല്കാൻ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
ഇസ്മയിൽ
പൊതുപ്രവർത്തകൻ