കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേർ രോഗമുക്തി നേടി. 125 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്.
ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135928 ആയി. 134403 പേർ രോഗമുക്തരായി. നിലവിൽ 666 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 636 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 731 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 521 പേർ ഉൾപ്പെടെ ആകെ 6473 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1017 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
രോഗം ബാധിച്ചവർ
ബത്തേരി 23, പുൽപ്പള്ളി, മുള്ളൻകൊല്ലി 11 വീതം, മേപ്പാടി 10, കൽപ്പറ്റ, പനമരം 9 വീതം, കണിയാമ്പറ്റ 7, നെന്മേനി, പൂതാടി, വൈത്തിരി 5 വീതം, മാനന്തവാടി, തരിയോട് 4 വീതം, മീനങ്ങാടി, മൂപ്പൈനാട്, മുട്ടിൽ, നൂൽപ്പുഴ, പടിഞ്ഞാറത്തറ 3 വീതം, തവിഞ്ഞാൽ, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ, തിരുനെല്ലി, വെള്ളമുണ്ട എന്നിവടങ്ങളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ
ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നടത്തുന്ന കലാ സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ, ഘോഷയാത്രകൾ തുടങ്ങി കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികളിൽ തുറസായ ഇടങ്ങളിൽ 150 പേരും ഓഡിറ്റോറിയങ്ങളിൽ 75 പേരും മാത്രമെ പങ്കെടുക്കാൻ പാടുള്ളു. ഇത്തരം എല്ലാ പരിപാടികൾക്കും ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.