കോഴിക്കോട്: മാവേലി എക്സ്‌പ്രസിൽ ടിക്കറ്റെടുക്കാതെ സ്ലീപ്പർ കോച്ചിൽ കയറിയെന്നതിന് റെയിൽവേ എ.എസ്.ഐ ചവിട്ടിവീഴ്ത്തിയ പൊന്നൻ ഷമീറിനെ ഒടുവിൽ കണ്ടെത്തിയത് മുമ്പ് അറസ്റ്റിലായപ്പോൾ നൽകിയ മൊഴിയിൽ പിടിച്ചുകയറി.

റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ഫുട്പാത്തിൽ കിടന്നുറങ്ങവെ ഇന്നലെ പുലർച്ച മൂന്നു മണി കഴിഞ്ഞതോടെയാണ് ഷമീറിനെ കോഴിക്കോട് റെയിൽവേ എസ്.ഐ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

മാഹിയിൽ നിന്ന് 30 കുപ്പി വിദേശമദ്യം കടത്തിയതിന് 2019-ൽ ഷമീറിനെ എസ്.ഐ ജംഷീദ് അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ ചോദ്യംചെയ്യലിൽ കുറ്റകൃത്യങ്ങളുടെ രീതിയും താവളമുറപ്പിക്കുന്ന ഇടവുമെല്ലാം വെളിപ്പെടുത്തിയിരുന്നു. കൃത്യം പൂർത്തിയാക്കിയാൽ റെയിൽവേ സ്റ്റേഷനടുത്തുള്ള റോഡിന്റെ ഫുട്പാത്തിലായിരിക്കും ഉറക്കമെന്ന മൊഴിയുടെ ഓർമ്മയിൽ തെരച്ചിലിനിറങ്ങിയത് വിഫലമായില്ല. പുലർച്ചെ രണ്ടര മണിയോടെ പൊലീസ് സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഫുട്പാത്തുകൾ അരിച്ചുപെറുക്കാൻ തുടങ്ങി. മൂന്നേകാലോടെ ലിങ്ക് റോഡ് ഫുട്പാത്തിൽ നിന്ന് പൊക്കി. താൻ ഷമീറല്ലെന്ന് പലയാവർത്തി പറഞ്ഞെങ്കിലും എസ്.ഐയ്ക്ക് 'മുൻപരിചയ"മുണ്ടെന്നായപ്പോൾ കീഴടങ്ങി.