raheem
എം.പി.അ​ബ്​ദുൽ റഹീം

​രാമനാട്ടുകര​: കൈയബദ്ധത്തിൽ സൗദി പൗരൻ മരിച്ചതിനെ തുടർന്ന് വധശിക്ഷ വിധിച്ച മലയാളിയുടെ മോചനത്തിനായുള്ള കാത്തിരിപ്പിന് 15 വർഷം. റിയാദിലെ ഹയർ ​ജയിലിൽ കഴിയുന്ന രാമനാട്ടുകര​ കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അ​ബ്​ദുൽ റഹീമിന്റെ (39)​ മോചനത്തിനാ​യാണ് കുടുംബം കോടതി കയറിയിറങ്ങുന്നത്.​​ കേന്ദ്ര- സംസ്ഥാന സർക്കാ​രുകൾക്കും ഇന്ത്യൻ എംബസിക്കും കുടുംബം അപേക്ഷ നൽകിയിരിക്കുകയാണ്.

സൗദി അറേബ്യയിലെ റിയാദിൽ ഡ്രൈവർ കം ഹൗസ് കീപ്പറായി 2006 നവംബർ 18നാണ് റഹീം ജോലിക്കെത്തുന്നത്. ജോലിയിൽ പ്രവേശിച്ചതിനുശേഷമാണ് പാതി തളർന്ന് കഴിയുന്ന സൗദി പൗരനെയാണ് പരിചരിക്കേണ്ടതെന്ന് അറിയുന്നത്. സൗദിയിലെത്തി ഒരുമാസം മാത്രമായ റഹീമിന് ഇക്കാമയോ ഡ്രൈവിംഗ് ലൈസൻസോ കിട്ടിയിരുന്നില്ല. 35ാം ദിവസം​ ​ പാതി തളർന്ന സൗദി പൗരനുമായി യാത്ര ചെയ്യുകയായിരുന്ന റഹീം ചുവന്ന സിഗ്നൽ കണ്ടിടത്ത് കാർ നിർത്തിയപ്പോൾ സിഗ്നൽ ക്രോസ് ചെയ്യാൻ ഇയാൾ ആവശ്യപ്പെടുകയും റഹീമിന് നേരെ ഒച്ചവെക്കുകയും തുപ്പുകയും ചെയ്തതോടെ കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ സൗദി പൗരൻ തലതിരിക്കുകയും ഭക്ഷണത്തിനും ശ്വസനത്തിനുമായി കഴുത്തിൽ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ റഹീമിന്റെ കൈ തട്ടുകയും സൗദി പൗരൻ മരിക്കുകയുമായിരുന്നു. സൗദി പൗരന്റെ കുടുംബം ​നൽകിയ കേസിലാണ് വധശിക്ഷ വിധിച്ച് റഹീമിനെ ജയിലിലടച്ചത്. വിധിക്കെതിരെ റിയാദ് എംബസിവഴി കഴിഞ്ഞ 15 വർഷമായി കേസ് നടത്തിവരികയാണ്. റിയാദ് കേന്ദ്രമായി കെ.എം.സി സിയുടെ നേതൃത്വത്തിലും റഹീമിന്റെ മോചനത്തിനായി ശ്രമം തുടരുന്നുണ്ട്. കെ.എം.സി.സിയുടെ പ്രവർത്തനത്തിന് താങ്ങായി ​ബേപ്പൂരും സർവകക്ഷി സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷനായി. മന്ത്രി പി.എ.മുഹമ്മദ് റിയാസ്,​ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ മുഖ്യ രക്ഷാധികാരികളായാണ് സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഭാരവാഹികളായി കെ.സുരേഷ് (ചെയർമാൻ) കെ.കെ.ആലിക്കുട്ടി (ജന.കൺവീനർ),​ എം.ഗിരീഷ് (ട്രഷറർ),​ ശശി നാരങ്ങയിൽ,​ ബഷീർ കുണ്ടായിത്തോട്,​ മജീദ് വെൺമരത്ത്,​ എം.എം.മുസ്തഫ,​ എം.മുഹമ്മദ്കോയ ഹാജി

വൈസ് ചെയർമാൻമാർ)​,​ എൻ.കെ.ബിച്ചിക്കോയ,​ എ.അഹമ്മദ് കോയ,​ എം.മൊയ്തീൻകോയ,​ കെ.കെ.മുഹമ്മദ് കോയ,​ എം.കെ.മുഹമ്മദലി,​ കല്ലട വി.വി.രവീന്ദ്രൻ,​ ബഷീർ പാണ്ടികശാല,​ കെ.ഫൈസൽ കണ്ണംപറമ്പത്ത്,​ എൻ.സി.ഹംസക്കോയ,​ മജീദ് അമ്പലകണ്ടി,​ എം.പി.നസീർ (കൺവീനർമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.