hms

വടകര: നിയോജക മണ്ഡലത്തിലെ ചോറോട് പഞ്ചായത്തിൽ തീരദേശ മേഖലയായ കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം കഴിഞ്ഞ രണ്ടു വർഷമായി ഡോക്ടറുടെ സേവനമോ, മരുന്ന് വിതരണമോ ഇല്ലാതെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. തുടക്കത്തിൽ മാസത്തിൽ ഒരു ദിവസം ഒരു ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. നാലുവർഷം മുമ്പ് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്നത്. നൂറുക്കണക്കിന് മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിന്റെ ഏക ആശ്രയമായിരുന്നു കുരിയാടിയിലെ ആരോഗ്യ ഉപകേന്ദ്രം. ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പ്രൈമറി ഹെൽത്ത് സെന്ററായി ഉയർത്തി സ്ഥിരമായ ചികിത്സ സംവിധാനം ഏർപ്പെടുത്തുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകി കടലോര നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണം. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വിപുലമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. ആരോഗ്യ ഉപ കേന്ദ്രത്തിന് മുന്നിൽ ജനത മത്സ്യ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) കുരിയാടി യൂണിറ്റ് നടത്തിയ ധർണ്ണ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണ സമരത്തിൽ കൈതയിൽ പ്രകാശൻ ആമുഖ പ്രഭാഷണം നടത്തി. പി. ഹരീന്ദ്രൻ, കെ. രമേശൻ, പി. പത്മജ, പി.പി ബേബി, കെ. ജനാർദ്ധനൻ എന്നിവർ സംസാരിച്ചു.