news

കുറ്റ്യാടി: പുതുതലമുറയ്ക്ക് ആദ്യാക്ഷരം ചൊല്ലി കൊടുക്കുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപികമാർക്ക് കാലങ്ങളായി ഓണറേറിയം കിട്ടുന്നില്ലെന്ന പരാതി ഉയരുകയാണ്. എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അദ്ധ്യാപികമാർ കനത്ത അവഗണനയാണ് നേരിടുന്നത്. വലിയൊരുഭാഗവും സ്ത്രീകൾ ജോലിചെയ്തു വരുന്ന ഈ മേഖലയിൽ കഴിഞ്ഞ മുപ്പത് വർഷമായി തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.

സർക്കാർ പ്രീപ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാർക്ക് ലഭിക്കുന്ന മാസവേതനത്തിന്റെ നാലിലൊന്ന് മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. രണ്ട് സ്ഥാപനങ്ങളിലെയും അദ്ധ്യാപനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യത തുല്ല്യമാണെന്നിരിക്കെ തുല്യമായ വേതനം കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്നത്. എയിഡഡ് സ്കൂളുകളിലെ മാനേജർമാരാണ് വേതനം നൽകേണ്ടത് എന്നാണ് സർക്കാർ പറയുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും കാര്യമായ ഇടപെടലുകൾ ഒന്നും നടന്നില്ല. ജോലിസമയം രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെയാണ്. ആയമാരുടെ ജോലിയും ഇവർ തന്നെയാണ് ചെയ്യുന്നത്. സ്കൂൾ വാഹനങ്ങളിൽ കുട്ടികളുടെ സംരക്ഷകരായി പോകേണ്ടതും മിക്കപ്പോഴും ഇവരുടെ അധിക ചുമതലയാണ്. കൊവിഡ്ക്കാലത്ത് ആകെയുള്ള വേതനവും ഇല്ലാതായതോടെ പല വീടുകളും ദാരിദ്ര്യത്തിന്റെ അകത്തളങ്ങളായി. ഓൺലൈൻ ക്ലാസുകൾക്ക് ഫോൺ റീച്ചാർജ്ജ് ചെയ്തതുപോലും സ്വന്തം കൈയ്യിൽ നിന്നും പൈസ എടുത്തിട്ടാണെന്നും കഴിഞ്ഞ ഒരുവർഷം സൗജന്യമായാണ് കുട്ടികൾക്ക് ക്ലാസ് നൽകിയതെന്നുമാണ് ഇവർ പറയുന്നത്. ഫോൺ റീചാർജിനു തുക നൽകിയത് വളരെ കുറച്ച് സകൂളുകൾ മാത്രം.

കുന്നുമ്മൽ സബ്‌ജില്ലയിലെ മിക്ക എയ്ഡഡ് പ്രീ പ്രൈമറി സ്കൂളുകളും 15 വർഷത്തിലധികമായി പ്രവൃത്തിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അരിയും ഭക്ഷ്യധാന്യങ്ങൾ പാലും മുട്ടയും സൗജന്യമായി സർക്കാർ നൽകുന്നുണ്ട്. പക്ഷെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് യാതൊരു പരിഗണനയുമില്ല. കുന്നുമ്മൽ ഉപജില്ലയിൽ നൂറിൽപരം അദ്ധ്യാപികമാർ ജോലി ചെയ്യുന്നുണ്ട്.

കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന പണമാണ് ഇവർക്ക് നൽകിയിരുന്നത്. കൊവി‌‌ഡിനു ശേഷം ഓൺലൈൻ ക്ലാസ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ പറ്റുന്നില്ല. ഓൺലൈൻ ക്ലാസ് നിറുത്തിയാൽ അടുത്ത കൊല്ലം ഒന്നാം ക്ലാസിലേക്ക് കുട്ടികൾ വരില്ല എന്ന് പേടികൊണ്ട് ക്ലാസ് നിറുത്താനും തുടരാനും പറ്റാത്ത അവസ്ഥയിലാണ് പല അദ്ധ്യാപികമാരും. തുല്ല്യ ജോലിക്ക് തുല്ല്യവേതനം നൽകാനുളള അനുകൂല നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.

 ഏറെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നത്. ഭാവി അനിശ്ചിതത്വത്തിലാണ് - ലീബ.കെ.കെ ഊരത്ത് പ്രീ പ്രൈമറി അദ്ധ്യാപിക

 ഇതല്ലാതെ ജീവിക്കാൻ വേറ മാർഗമില്ല. ദീപ മരുതോങ്കര, പ്രീ പ്രൈമറി അദ്ധ്യാപിക