സുൽത്താൻ ബത്തേരി: കർഷകരിൽ നിന്ന് പച്ചക്കറി ഉൽപ്പന്നങ്ങൾ സമാഹരിച്ച് കേട്കൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി തുടങ്ങിയ ശീതീകരണശാല കഴിഞ്ഞ ആറ് വർഷമായി വെറുതെ കിടക്കുന്നു. ജില്ലയിലെ കർഷകരെ സഹായിക്കാൻ ബത്തേരി അമ്മായിപ്പാലത്ത് ആരംഭിച്ച കാർഷിക മൊത്ത വിതരണകേന്ദ്രത്തിലാണ് ശീതീകരണ ശാല പ്രവർത്തനരഹിതമായി കിടക്കുന്നത്.
പച്ചക്കറി ഉൽപ്പന്നങ്ങൾ സമാഹരിച്ച് ശീതീകരണശാലയിൽ സൂക്ഷിച്ചശേഷം മറ്റ് ജില്ലകളിലേക്ക് എത്തിക്കുന്നതിനാണ് നാല് ശീതീകരണ യന്ത്രങ്ങൾ സ്ഥാപിച്ചത്. പഴം, പച്ചക്കറികൾ ശീതീകരണ (ഫ്രീസർ) വണ്ടിയിൽ മറ്റ് ജില്ലകളിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ പച്ചക്കറികൾ സംഭരിക്കുന്ന ഹോർട്ടികോർപ്പിന് പ്രവർത്തന ക്ഷമമായ ശീതീകരണ വണ്ടികൾ ഇല്ലാത്തതിനാൽ ഇവ മറ്റ് ജില്ലകളിൽ എത്തിച്ച് വിതരണം ചെയ്യാൻ സാധിക്കാതെ വന്നു. ഇതോടെ ശീതീകരണശാലയും അടഞ്ഞു.
നാല് ശീതീകരണ യന്ത്രങ്ങളാണ് സുനിൽകുമാർ കൃഷിവകുപ്പ് മന്ത്രിയായിരിക്കെ 2016ൽ വാങ്ങിയത്. ഒരു ശീതീകരണ യന്ത്രത്തിന് 15 ലക്ഷം രൂപയായിരുന്നു ചെലവ്. ഇത് പ്രവർത്തനക്ഷമമാക്കുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല.
പയർ, പാവൽ, പടവലം, നേന്ത്രക്കായ് എന്നിവയാണ് വയനാട്ടിൽ കർഷകർ പ്രധാനമായും കൃഷിയിറക്കുന്നത്. കർഷകർ കൊണ്ടുവരുന്ന മുഴുവൻ ഉൽപ്പന്നങ്ങളും സംഭരിച്ച് സൂക്ഷിക്കാൻ ഇപ്പോൾ കഴിയുന്നില്ല. പരിമിതമായി മാത്രം സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ എത്രയും പെട്ടന്ന് മറ്റ് ജില്ലകളിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. പലപ്പോഴും കയറ്റി അയയ്ക്കാൻ കഴിയാതെ നശിക്കുകയും ചെയ്യുന്നു.

പദ്ധതികൾ പാതിവഴിയിൽ
ഇ.ഇ.സിയുടെ സഹായത്തോടെയാണ് കാർഷിക മൊത്തവിപണി തുടങ്ങിയത്. വിപണി തുടങ്ങിയെങ്കിലും കർഷകർക്ക് ഉപകാരമാവേണ്ട പല പദ്ധതികളും ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്. അഗ്രോ ഇൻഡസ്ട്രീസ് മില്ലും വാഹനങ്ങളും ചലനമറ്റ് കിടക്കുന്നു. കോടികളുടെ വസ്തുവകകൾ നശിക്കുന്നതോടൊപ്പം കർഷകർക്ക് ഉപകാരപ്പെടേണ്ട പദ്ധതികളും യാതൊരു പ്രയോജനവുവുമില്ലാതെ കിടക്കുകയാണ്.

ഫോട്ടോ--ശീതീകരണം
അമ്മായിപ്പാലത്തെ കാർഷിക മൊത്ത വിപണിയിൽ അടഞ്ഞുകിടക്കുന്ന ശീതീകരണശാല