prathi-1

കോഴിക്കോട്: സാമൂഹിക പ്രവർത്തകയും അദ്ധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബേപ്പൂർ സ്വദേശി വി.മോഹൻദാസിനെ ( 52) ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്താണ് കേസ്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബീച്ചിൽ റോഡിന്റെ ഓരത്ത് വാഹനം പാർക്ക് ചെയ്യുമ്പോഴുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് ഇരുവരും പരസ്പരം ആരോപിക്കുന്നു. മോഹൻദാസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ യാഥാർത്ഥ്യം കണ്ടെത്താനാവൂയെന്ന് എസ്.ഐ പറഞ്ഞു. ഇന്ന് പരിസരത്തെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കും. അക്രമസംഭവത്തിനു ശേഷം മോഹൻദാസ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തനിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ബിന്ദു അമ്മിണി ആവർത്തിച്ചു. മദ്യലഹരിയിൽ ഒരാൾ ആക്രമണത്തിനു മുതിർന്നതല്ല. ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കാനാണ് സംഘപരിവാർ ആഹ്വാനം. ബീച്ചിൽ തന്നെ ആക്രമിച്ചയാൾ ആർ.എസ്.എസുകാരനാണെന്നാണ് അറിയാൻ കഴിഞ്ഞത്. പൊലീസിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

അതിനിടെ, ബിന്ദു അമ്മിണിയ്ക്കെതിരെ പരാതിയുമായി മോഹൻദാസിന്റെ ഭാര്യയും രംഗത്തെത്തി. ഭർത്താവിനെ അകാരണമായി മർദ്ദിച്ചുവെന്നാണ് ആരോപണം.

.