കോഴിക്കോട്: വാർഷിക പരീക്ഷയ്ക്ക് ഒന്നര മാസം മാത്രം അവശേഷിക്കെ ഹയർ സെക്കൻഡറി തലത്തിൽ കൂട്ടസ്ഥലംമാറ്റത്തിന് നിർദ്ദേശം വന്നതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കയിൽ. രണ്ടാഴ്ചയ്ക്കക്കകം ട്രാൻസ്‌ഫർ ഉത്തരവിറക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നു ഹയർ സെക്കൻഡറി ഡയറക്ടർക്കുള്ള നിർദ്ദേശം.
ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മാത്രം ഏതാണ്ട് 16,000 അദ്ധ്യാപകരുണ്ട്. ഇതിൽ ബഹുഭൂരിപക്ഷത്തെയും ട്രാൻസ്‌ഫർ ബാധിക്കുമെന്നാണ് സൂചന. അവസാനടേമിലെ ഈ സ്ഥലംമാറ്റം അദ്ധ്യയനത്തിന്റെ താളം തെറ്റിക്കുമെന്ന ആശങ്കയാണ് പൊതുവ ഗവ. സ്‌കൂൾ അധികൃതർക്ക്. മാർച്ചിന് 30-നാണ് ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുക. നാലര ലക്ഷത്തോളം കുട്ടികളുണ്ട് പരീക്ഷയെഴുതാൻ. കൊവിഡ് തീവ്രവ്യാപനവേളയിലെ അടച്ചുപൂട്ടലിൽ അവതാളത്തിലായ ഇവരുടെ പഠനം സ്‌കൂളുകളിൽ ഏതാണ്ട് പഴയ രീതിയിലേക്ക് എത്തുന്നതിനിടെ കൂട്ടസ്ഥലംമാറ്റം വരുന്നത് പരീക്ഷാഫലത്തെ പോലും ബാധിക്കില്ലേ എന്ന സംശയമാണ് പി.ടി.എക്കാരടക്കം പങ്ക് വെക്കുന്നത്.

ഓഫ്‌ ലൈനിനൊപ്പം ഓൺലൈനിലും ക്ലാസുകൾ നടക്കുന്നുണ്ട്. ഈ അവസാനഘട്ടത്തിൽ അദ്ധ്യാപകർ മാറി പുതിയ ആളുകൾ വരുമ്പോൾ പ്രയാസം കുറച്ചൊന്നുമായിരിക്കില്ലെന്ന് രക്ഷിതാക്കൾ പലരും പറയുന്നു. ദൂരദിക്കുകളിൽ നിന്നുള്ളവരെങ്കിൽ ലീവെടുക്കാനുള്ള സാദ്ധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്ത അവസ്ഥയുമാവും.

അക്കാദമിക് വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ തിടുക്കത്തിൽ കൂട്ടസ്ഥലംമാറ്റം നടപ്പാക്കിയാൽ കുടുതലും വലയുക അദ്ധ്യാപികമാരായിരിക്കും. സ്‌കൂൾ ഏറെ അകലെയാണെങ്കിൽ നിത്യേനയുള്ള യാത്ര പ്രായോഗികമല്ല. ഇടയ്ക്കു വെച്ച് താമസം മാറ്റം ആലോചിക്കാനുമാവില്ല. പിന്നെ ലീവെടുക്കുകയേ നിർവാഹമുണ്ടാവൂ.

കഴിഞ്ഞ മേയിൽ ആണ് അദ്ധ്യാപക ട്രാൻസ്‌ഫറിന് അപേക്ഷ വിളിച്ചത്. ഹൈസ്‌കൂൾ - കോളേജ് ട്രാൻസ്‌ഫർ കഴിഞ്ഞ വർഷം തന്നെ നടപ്പായപ്പോൾ ഹയർ സെക്കൻഡറിയിലേതു മാത്രം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.