തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ ഇന്ന് ജനജാഗരൺ അഭിയാൻ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡീസൽ, പെട്രോൾ,പാചകവാതകം എന്നിവയുടെ വില കൂടെക്കൂടെ വർദ്ധിപ്പിക്കുന്നതിലൂടെ അവശ്യ വസ്തുക്കളുടെ വില വർദ്ധിക്കാനിടയാക്കുന്നു, ജനങ്ങളെ വർഗീയമായി വിഭജിക്കുന്നു, സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നു കയറി ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു തുടങ്ങിയവയാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് ആരോപിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികൾ. കേന്ദ്രത്തിന്റെ ഇത്തരം നടപടികളെ കടത്തിവെട്ടുന്ന ജനവിരുദ്ധ നയങ്ങളാണ് കേരള സർക്കാരിന്റെതെന്നും കോൺഗ്രസിന് അഭിപ്രായമുണ്ട്. തിരുവമ്പാടിയിലെ ഇന്നത്തെ ജനജാഗരൺ അഭിയാൻ പദയാത്ര 3 മണിക്ക് തോട്ടത്തിൻ കടവിൽ എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ നയിക്കുന്ന പദയാത്ര 5 മണിക്ക് തിരുവമ്പാടിയിൽ സമാപിക്കും. സമാപന സമ്മേളനം രാജമോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, എ.പി അനിൽ കുമാർ എം.എൽ.എ,കെ.പി.സി.സി. ജന.സെക്രട്ടറിമാരായ കെ.കെ അബ്രഹാം, അഡ്വ.പി.എം നിയാസ്, അഡ്വ.കെ ജയന്ത്,മുൻ കെ.പി.സി.സി ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കം. വാർത്താ സമ്മേളനത്തിൽ ബാബു കെ.പൈക്കാട്ടിൽ,സി.ജെ ആന്റണി, എം.ടി അഷറഫ്, ബോസ് ജേക്കബ്, സഹീർ എരഞ്ഞോണ എന്നിവർ പങ്കെടുത്തു.