സുൽത്താൻ ബത്തേരി: മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിൽ പെട്ട അരുണമലയിലെ ഇക്കോടൂറിസം പദ്ധതി ഉപേക്ഷിച്ചതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അരുണമല ഗോത്രവർഗ്ഗ കമ്മറ്റി പ്രസിഡന്റ് ബി.അഖിലിനെ അറിയിച്ചു. 85 കാട്ടുനായ്ക്ക കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ട്രക്കിംഗും ടെന്റ് ടൂറിസവും അടക്കമുള്ള മെഗാ പദ്ധതിക്ക് വനം വകുപ്പ് നീക്കം നടത്തിയതിനെ ഗോത്രസമൂഹം എതിർത്തിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ സമിതി യോഗം ചേരുകയും ജില്ലാ കലക്ടർ, സൌത്ത് വയനാട് ഡി.എഫ്. ഓ തുടങ്ങിയവരെ നേരിൽ കണ്ട് നിവേദനം നൽകയും ചെയ്തിരുന്നു.
അരുണമലയിലെ ഇക്കോടൂറിസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകൾ പ്രകാരം നിയമവിരുദ്ധമാണെന്നും പ്രാക്തന ഗോത്രവർഗ്ഗ മേഖലകളിൽ യാതൊരുവിധ ബാഹ്യ ഇടപെടലും പാടില്ലെന്നും സമിതി അധികൃതരെ അറിയിച്ചു. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ടൂറിസം ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും ആദിവാസികളെ നേരിൽ കണ്ട് തെളിവെടുക്കുകയും ചെയ്തു. ഇതേതുടർന്ന് വനം വകുപ്പ് പദ്ധതി ഉപേക്ഷിച്ചതായി കലക്ടറെ അറിയിക്കുകയായിരുന്നു.