കൽപ്പറ്റ: ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ജില്ലാ കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയകാരണങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. അവിടെ വ്യക്തിപരമായി ആരെയും പരാമർശിച്ചിട്ടില്ല. ഡി.സി.സി പ്രസിഡന്റിനെ വ്യക്തിഹത്യ നടത്താൻ മാനന്തവാടിയിലെ ചിലർ നടത്തുന്ന ഗൂഢശ്രമങ്ങൾ വിലപ്പോവില്ല. എൻ.ഡി.അപ്പച്ചനെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. ഈ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും നേതാക്കളായ പി.പി.ആലി, എം.എ.ജോസഫ്, ഒ.വി.അപ്പച്ചൻ, പി.കെ.അബ്ദുറഹ്മാൻ, ശോഭനാകുമാരി, ബിനുതോമസ്, നജീബ് കരണി തുടങ്ങിയവർ പറഞ്ഞു.