കൽപ്പറ്റ: ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെ വെള്ളമുണ്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി എം നിയാസ് പ്രസിഡന്റ് കെ.സുധാകരന് റിപ്പോർട്ട് സമർപ്പിച്ചു. പരാതിയിൽ പറഞ്ഞ പ്രകാരമുള്ള പരാമർശമോ, വ്യക്തിപരമായ പരിഹാസമോ, ഡി സി സി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും, പരാതിക്കാരിയെ മറ്റാരോ തെറ്റിദ്ധരിപ്പിച്ച് ഡി.സി.സി പ്രസിഡന്റിനെയും അതുവഴി പാർട്ടിയെയും മോശമാക്കുവാനായി പ്രവർത്തിച്ചതാകാമെന്നാണ് ബോധ്യപ്പെട്ടതെന്നും നിയാസ് റിപ്പോർട്ടിൽ പറയുന്നു.
ഡി.സി.സി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താനായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
പരാതിക്കാരിയെയും, അവരുടെ പിതാവിനെയും നേരിൽ കണ്ട് സംസാരിച്ചിരുന്നു. പരാതിയിൽ പ്രതിപാദിച്ച വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയെ കുറിച്ച് ഡി.സി.സി പ്രസിഡന്റ് മോശമായി പരാമർശിച്ചു എന്നത് സംബന്ധിച്ച് അവർക്ക് നേരിട്ട് അറിവില്ലെന്നും മറ്റാരോ പറഞ്ഞു കേട്ട അറിവാണുള്ളതാണെന്നുമാണ് പറഞ്ഞത്. പരാമർശിക്കപ്പെട്ടത് പോലെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും, ഡി.സി.സി പ്രസിഡന്റ് പൊതുവായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തോൽവിയെ കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നുമാണ് മറ്റുള്ളവർ പറഞ്ഞത്. പരാതിക്കാരിയെ നേരിൽ പരിചയം പോലുമില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.