rmpi

വടകര: ഒഞ്ചിയം മനക്കൽ ലതയ്ക്കും കുടുംബത്തിനും ആർ.എം.പി.ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു നിർവഹിച്ചു. ഭർത്താവിന്റെ മരണശേഷം നിരാലംബരായ ലതയുടേയും രണ്ട് പെൺമക്കളുടെയും ദുരവസ്ഥ മനസിലാക്കിയ പ്രദേശത്തെ ആർ.എം.പി.ഐ പ്രവർത്തകർ ഉദാരമതികളുടെ സഹായത്തോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സ്നേഹ വീടിന്റെ മുറ്റത്ത് ലളിതമായ ചടങ്ങിലാണ് താക്കോൽദാനം നിർവഹിച്ചത്. വടകര എം.എൽ.എ കെ.കെ രമ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, കുളങ്ങര ചന്ദ്രൻ, ടി.കെ സിബി, കെ.എൻ അശോകൻ, ബാബുരാജ് തുടങ്ങി ആർ.എം.പി.ഐ പ്രവർത്തകരും സംബന്ധിച്ചു.