പുൽപ്പള്ളി: മുള്ളൻകൊല്ലി മേഖലയിൽ നിന്ന് സി.പി.എം പ്രവർത്തകർ രാജിവച്ച് സി.പി.ഐയിൽ പോയി എന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പാർട്ടി ഏരിയാ കമ്മറ്റി അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് 2014 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളും 2017 ൽ പാർട്ടി മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കിയ മറ്റൊരാളും മറ്റ് പാർട്ടികളിൽ നിന്ന് ചേക്കേറിയവരേയുമാണ് സി.പി.എമ്മിൽ നിന്ന് രാജിവച്ചവർ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരത്തിൽ കുപ്രചരണങ്ങൾ നടത്തുന്നതെന്ന് ഏരിയാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

സംരംഭകത്വ വായ്പാമേള

പുൽപ്പള്ളി: എല്ലാവർക്കും തൊഴിലും വരുമാനവും എന്ന ലക്ഷ്യത്തോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ ശ്രേയസ് അയൽക്കൂട്ടങ്ങൾക്ക് സംരംഭകത്വ വായ്പാമേള നടത്തി. മൂന്ന് കോടി രൂപയാണ് വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു നിർവ്വഹിച്ചു. ശ്രേയസ് പുൽപ്പള്ളി മേഖല ഡയറക്ടർ ഫാ. മാത്യു മുണ്ടോക്കുടി അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ക്യാൻസർ സഹായ പദ്ധതി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ജോസ് ഉദ്ഘാടനം ചെയ്തു. ബീന ജോസ്, ബിന്ദു പ്രകാശ്, ഷാൻസൺ തുടങ്ങിയവർ സംസാരിച്ചു.

പി.ജി. സീറ്റ് ഒഴിവ്

പുൽപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.സി ഫിസിക്സ്, എം.കോം, എം.എ ഇംഗ്ലീഷ് കോഴ്സുകൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.