
ഫറോക്ക്: കടലുണ്ടി ശബ്ദം സാംസ്‌കാരിക നിലയം സംഘടിപ്പിക്കുന്ന അഡ്വ.യു ശരത്കുമാർ സ്മാരക അഖിലകേരള ഓപ്പൺ ചെസ് ടൂർണ്ണമെന്റ് നാളെ കടലുണ്ടിയിൽ നടക്കും. കടലുണ്ടി ലെവൽക്രോസിന് സമീപമുള്ള യുണൈറ്റഡ് ഫുട്ബാൾ കോർട്ടിൽ രാവിലെ 9 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ മുഖ്യാതിഥിയായിരിക്കും.
സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 20000 രൂപയും 12000 രൂപയും സമ്മാനമായി നൽകും. 15 വയസിനു താഴെയുള്ളവരെ അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. സീനിയർ വിഭാഗത്തിന് 300 രൂപയും ജൂനിയർ വിഭാഗത്തിന് 150 രൂപയുമാണ് പ്രവേശന ഫീസ്. വിവിധ ജില്ലകളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കെ.ഗംഗാധരൻ, എൻ.കെ.ബിച്ചിക്കോയ, എം.ലേഖദൻ, യൂനുസ് കടലുണ്ടി എന്നിവർ സംബന്ധിച്ചു.