news

കോഴിക്കോട്​: കോഴിക്കോട്​ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ്​ സംഘത്തിന്റെ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എൻജിനിയറിംഗ്​, ആരോഗ്യം, റവന്യൂ വിഭാഗങ്ങളിലായിരുന്നു പരിശോധന.

‘ഓപ്പറേഷൻ നിർമ്മാൺ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായുള്ള പരിശോധനയു​ടെ ഭാഗമായാണ് കോഴിക്കോട്ടെ ഓഫീസിലും ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ മേഖലാ ഓഫീസുകളിലും വിജിലൻസ് സംഘമെത്തിയത്. കെട്ടിടനികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥരുടെ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചിരുന്നു. പൊതുജനങ്ങൾക്കുള്ള സേവനങ്ങളിൽ വല്ലാത്ത കാലതാമസമുണ്ടാകുന്നതായി പരിശോധനയിൽ ബോദ്ധ്യമായി.​ വീടുകൾക്കും കെട്ടിടങ്ങൾക്കും പെർമിറ്റ്​ അനുവദിക്കുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ്​ റേഞ്ച്​ എസ്​.പി ഇ.ടി.സജീവന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാവിലെ 11ന്​ തുടങ്ങിയ പരിശോധന ​​​വൈകിട്ട് വരെ നീണ്ടു. പരിശോധനാ റിപ്പോർട്ട്​ വിജിലൻസ്​ ഡയറക്​ടർക്ക്​ കൈമാറും.