കോഴിക്കോട്: 'സപ്ലൈ കേരള' ആപ്ലിക്കേഷൻ വഴി സപ്ലൈകോ ഓൺലൈൻ വില്പനയ്ക്കും ഹോം ഡെലിവറിയ്ക്കും തുടക്കമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിപണിയിലെ കാലികമാറ്റങ്ങൾ ഉൾക്കൊണ്ട് സപ്ലൈകോ ആവിഷ്‌കരിച്ച ഓൺലൈൻ വിതരണം സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. 'സപ്ലൈ കേരള' ആപ്പിലൂടെ തൊട്ടടുത്ത ഔട്ട്ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ജില്ലയിൽ ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്‌നാ ബസാർ, കോഴിക്കോട് മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ കോഴിക്കോട് റീജിനൽ മാനേജർ എൻ.രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കുമാരി ലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി.ബിജുരാജ്, അഡ്വ.എ.കെ.സുകുമാരൻ, അബ്ദുറഹ്‌മാൻ, കെ.സത്യനാഥൻ, പ്രശാന്ത് കുമാർ തുടങ്ങിയവർ ആശംസയർപ്പിച്ചു.