പയ്യോളി : പയ്യോളിയും സമീപ പ്രദേശങ്ങളും ലഹരിമാഫിയുടെ പിടിയിൽ. കഞ്ചാവും പാൻമസാലയും വൻതോതിൽ ഇവിടേയ്ക്ക് ഒഴുകിയിട്ടും അധികാരികൾക്ക് അനക്കമില്ല. ടൗണിലും പരിസരത്തും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. പാൻമസാലകളുടെ വില്പനയും കുറവല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ പാൻമസാലകളും മറ്റ് ലഹരി പദാർത്ഥങ്ങളും ഇവിടേയ്ക്ക് എത്താൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നല്കിയിട്ടും ലഹരിവസ്തുക്കൾ ഇവിടെ സജീവമാണ്.
കഴിഞ്ഞ ബുധനാഴ്ച ടൗണിലെ ദേശീയപാതക്ക് സമീപത്ത് നിന്ന് കാറിൽ വിതരണത്തിന് കൊണ്ടുവന്ന
42 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. കഴിഞ്ഞ ഡിസംബർ 18ന് അർദ്ധരാത്രി കോഴിക്കോട് നഗരത്തിൽ വെച്ചാണ് പയ്യോളി ടൗണിലെ ബേക്കറി ഉടമയെയും , ചേളന്നൂർ സ്വദേശിയെയും കാറിൽ മയക്കുമരുന്ന് കടത്തവെ എക്സൈസ് വിഭാഗം പിടികൂടിയത്. മൂന്നാഴ്ചക്കുള്ളിൽ നടന്ന തുടർച്ചയായ രണ്ട് സംഭവങ്ങളോടെ പയ്യോളിയിൽ മയക്കുമരുന്ന് ലോബി ശക്തമായിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾ മുതൽ സാധാരണ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ വരെ മയക്കുമരുന്ന് മാഫിയയുടെ ഇരകളായി മാറിയിരിക്കുകയാണ്.
വ്യാപര കേന്ദ്രങ്ങൾ ഇവിടം
ബസ് സ്റ്റാൻഡിന് പുറകിലെ നിർമ്മാണം പൂർത്തിയാവാത്ത ഒഴിഞ്ഞ കെട്ടിടങ്ങളിലും , ബീച്ച് റോഡിലെയും മത്സ്യമാർക്കറ്റ് പരിസരത്തെ ആൾസാന്നിധ്യമില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് മയക്കുമരുന്ന് വിതരണക്കാരുടെ പ്രധാന ' വ്യാപാര കേന്ദ്രങ്ങൾ '. കഞ്ചാവ് അടക്കം മയക്കുമരുന്ന് സിഗരറ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് കൊണ്ട് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്നില്ല.
ലഹരിക്കെതിരെ ബഹുജന മാർച്ച്
മയക്കുമരുന്ന് വിപത്തിൽ നിന്നും നാടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പയ്യോളി ട്രഷറി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ബീച്ച് റോഡിൽ സമാപിച്ചു. മഠത്തിൽ അബ്ദുറഹിമാൻ, കുനിയിൽ വേണു, വടക്കയിൽ ബിജു, മേലടി ബഷീർ , ജോഷി, നിസാർ പയലൻ, രാജൻ കൊളാവിപ്പാലം, കെ ടി സിന്ധു എന്നിവർ മാർച്ചിന് നേതൃത്വം നല്‍കി. വടക്കയിൽ ബിജു സ്വാഗതം പറഞ്ഞു. എം.സി നിസ്സാർ അദ്ധ്യക്ഷത വഹിച്ചു. കുനിയിൽ വേണുഗോപാൽ, ബഷീർ മേലടി, കെ ടി സിന്ധു, രാജൻ കൊളാവിപ്പാലം, അക്ഷയ് ബാബു, ടി പി ലത്തീഫ്, ജോഷി എന്നിവർ സംസാരിച്ചു. `ജനജാഗ്രതസമിതി' എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. ഭാരവാഹികളായി രാജൻ കൊളാവി - ചെയർമാൻ, കുനിയിൽ വേണുഗോപാൽ - കൺവീനർ, കെ.ടി സിന്ധു - ട്രഷറർ, എം.സി നിസ്സാർ - ജോയിന്റ് കൺവീനർ, ജോഷി - വൈസ് ചെയർമാൻ എന്നിവരെ തിരെഞ്ഞെടുത്തു. പയ്യോളിയിൽ വരും ദിവസങ്ങളിൽ മയക്കുമരുന്നിനെതിരെ വിപുലമായ രീതിയില്‍ സ്‌ക്വാഡ് വർക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പയ്യോളി ടൗണിൽ വ്യാപിക്കുന്ന മയക്കു മരുന്ന് മാഫിയകൾക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളും
കെ.സി,സുഭാഷ് ബാബു
പയ്യോളി സർക്കിൾ ഇൻസ്പെക്ക്ടർ