കോഴിക്കോട്: സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്തവർ സാദ്ധ്യമാകുന്ന രീതിയിൽ സ്വാതന്ത്ര്യസമരത്തെ മാറ്റി എഴുതാൻ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റിച്ചിറയിൽ സംഘടിപ്പിച്ച 'മലബാർ കലാപം–ചരിത്രവും പാഠങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബോധപൂർവമായ ശ്രമങ്ങളാണ് ഇതിനായി നടക്കുന്നത്. 1921 ന് മുമ്പും ഇത്തരം കാർഷിക സമരങ്ങൾ നടന്നിട്ടുണ്ട്. അതാണ് മലബാർ സമരമായി വളർന്നത്. എല്ലാ മതനാമധാരികളും പങ്കെടുത്തിരുന്നു. ബ്രിട്ടീഷുകാരനായ വില്ല്യം ലോഗൻ തന്നെ ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. മലബാർ സമരത്തിന്റെ 100ാം വാർഷികത്തിൽ പോരാട്ടം നടന്ന ഇടങ്ങളിൽ ചരിത്ര സ്മാരകം ഉയർത്താൻ മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. കെ.എം അനിൽ, ഡോ. പി.പി അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു.