പുൽപ്പള്ളി: കേരള -കർണ്ണാടക അതിർത്തിയോട് ചേർന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് കൊളവള്ളി മുതൽ മരക്കടവ് വരെയുള്ള കബനി നദിയുടെ തീരപ്രദേശത്ത് സോളാർ തൂക്കുവേലി നിർമ്മിക്കുന്നു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ചാണ് സോളാർ തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊളവള്ളിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. വനം വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സഹകരണത്തോടെ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സൗത്ത് വയനാട് ഡി.എഫ്.ഒ.എ ഷജ്ന കരീം പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൻ ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി.സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ജോസ്, ജിസ്റ മുനിർ, ഷൈജു പഞ്ഞിതോപ്പിൽ, ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ്, ആക്‌ഷൻ കമ്മിറ്റി രക്ഷാധികാരി ഫാ.സാന്റോ അമ്പലത്തറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, കെ.കെ.ചന്ദ്രബാബു, ജോസ് നെല്ലേടം, ഷിജോയ് മാപ്ലശ്ശേരി, പി.എസ്.കലേഷ്, ഇ.കെ.രഘു, ശാന്തിനി പ്രകാശൻ, ജെസി സെബാസ്റ്റ്യൻ, സുധ നടരാജൻ, പുഷ്പവല്ലി നാരായണൻ, മോളി സജി, മഞ്ജു ഷാജി, വി.എസ് മാത്യു എന്നിവർ പ്രസംഗിച്ചു.