
വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ദേശീയപാത അതോറിറ്റിയോട് അഭ്യർത്ഥിച്ചു. കുഞ്ഞിപ്പള്ളിയിലെ കടകൾ, ദേശീയപാതയോരത്തെ വീടുകൾ എന്നിവയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വഴി പൂർണമായും അടഞ്ഞു പോവുകയും, ഡ്രെയിനേജ് സംവിധാനം പ്രവർത്തനരഹിതമാവുകയും ചെയ്യുന്നതിനാൽ അടിപ്പാത നിർമ്മിച്ചു തരണമെന്ന് പഞ്ചായത്ത് ഭരണസമിതി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തു. മാഹി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് വഴി, ഡ്രെയിനേജ് പ്രശ്നവുമായി ബന്ധപ്പെട്ട് എട്ട്, പതിനാറ്, പതിനേഴ് വാർഡുകളിലെ ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്നം പരിഹരിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സെക്രട്ടറി ഷാഹുൽ ഹമീദ്, എട്ടാം വാർഡ് മെമ്പർ സി.എം സജീവൻ, പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ എന്നിവർ നിർമ്മാണ കമ്പനി ഉദോഗസ്ഥന്മാരുമായി സംസാരിച്ചു.