സുൽത്താൻ ബത്തേരി: ഗോത്ര വിദ്യാർത്ഥികളുടെ പഠനം ഉറപ്പ് വരുത്താൻ വിവിധ പദ്ധതികളുമായി വിദ്യാഭ്യാസവകുപ്പും സർക്കാരും മുന്നോട്ട് പോകുമ്പോൾ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിയെ ടി.സി നൽകി പറഞ്ഞയച്ചതായി പരാതി. ബത്തേരി സർവ്വജന ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു രണ്ടാംവർഷ സയൻസ് വിദ്യാർത്ഥി, പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ ശശി -ലക്ഷ്മി ദമ്പതികളുടെ മകൻ മണിയാണ് പരാതിയുമായി എത്തിയത്.
എന്നാൽ ഓൺലൈൻ ക്ലാസുകളിൽ മണി കൃത്യമായി പങ്കെടുത്തിരുന്നില്ലെന്നും റഗുലർ ക്ലാസ് ആരംഭിച്ചിട്ടും ക്ലാസിൽ വരാതിരുന്നതിനെതുടർന്ന് അന്വേഷിച്ച് പലതവണ വീട്ടിൽ ചെന്നെങ്കിലും കണ്ടെത്തിയില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു. പിന്നീട് സയൻസ് വിഷയം പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം അവർ തന്നെ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ടി​.സി നൽകിയതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി​.
ഒരു മാസം മുമ്പ് സ്‌കൂളിലേക്ക് ലാപ്‌ടോപ് തരാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. സ്‌കൂളിലെത്തിയപ്പോൾ മണിക്ക് സയൻസ് വിഷയം പഠിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ഹ്യുമാനിറ്റീസ് എടുത്ത് പഠിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ധ്യാപകർ പറഞ്ഞതായും, പിന്നീട് പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയശേഷം ടി.സി നൽകിയതായുമാണ് മണിയുടെ അമ്മ പറയുന്നത്. തങ്ങൾ മണിയുടെ ടി.സി ആവശ്യപ്പെട്ടില്ലെന്നും പഠിക്കാനാണ് വിട്ടതെന്നും രക്ഷിതാക്കൾ പറയുന്നു. തനിക്ക് സയൻസ് വിഷയം പഠിക്കാൻ ബുദ്ധിമുട്ടായിരുന്നില്ലെന്നും കോളനിയിൽ നെറ്റ് കിട്ടാത്തതിന്റെ പ്രശ്നമായിരുന്നുവെന്നുമാണ് മണി പറയുന്നത്.
മണി ഇപ്പോൾ ബത്തേരിയിലെ സ്വകാര്യ കോളേജിൽ ഹ്യുമാനിറ്റീസിന് ചേർന്നിരിക്കുകയാണ്. അദ്ധ്യായനം കഴിയാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥിയെ ടി.സി.നൽകി പറഞ്ഞയച്ചതിൽ പ്രതിഷേധം ഉയർന്നു.

ഫോട്ടോ--മണി
പെൻകുഴി കാട്ടുനായ്ക്ക കോളനിയിലെ മണി രക്ഷിതാക്കളോടൊപ്പം