ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാഹായിക്കുന്നതും കോക്കല്ലൂർ ,പനായി ഭാഗങ്ങളിൽ നിന്നും ബാലുശ്ശേരി
തൊടാതെ എളുപ്പത്തിൽ കോഴിക്കോട്ടേയ്ക്കും മെഡിക്കൽ കോളേജിലേക്ക് എത്താവുന്നതുമായ പനായി - മണ്ണാംപൊയിൽ - നന്മണ്ട റോഡിന് ടെൻഡറായി. ഇനി അറിയേണ്ടത് പ്രവൃത്തി എന്ന് തുടങ്ങുമെന്നാണ്. നിലവിലെ റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത
യോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
പ്രധാനമന്ത്രി ഗ്രാമ് സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ 3 കോടി 87 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനും തുടർന്ന് അഞ്ച് വർഷത്തെ അറ്റകുറ്റപ്പണികൾക്കുമുൾപ്പെടെയാണ് ഈ തുക.
പ്രവൃത്തിയുടെ ഭാഗമായി ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റൽ, കലുങ്കുകൾ പുതുക്കിപ്പണിയൽ , കോൺക്രീറ്റ് ഡ്രൈനേജ് സ്ഥാപിക്കൽ, വീതി കുറഞ്ഞ ഭാഗങ്ങളിൽ വീതി കൂട്ടൽ, റോഡിൽ ഉറവ പൊങ്ങുന്ന സ്ഥലങ്ങൾ ഉയർത്തൽ തുടങ്ങി നിരവധി പ്രവൃത്തികൾ നടക്കാനുണ്ട്. ഇത് കഴിഞ്ഞ് വേണം ടാറിംഗ് പ്രവൃത്തി നടത്താൻ.