പുൽപ്പള്ളി: നെൽ കർഷകർക്ക് സഹായകരമായി സപ്ലൈകോയുടെ നെല്ല് സംഭരണം. വിപണിവിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്.

ഒരു ക്വിന്റലിന് 2800 രൂപ തോതിലാണ് നെല്ല് കർഷകരിൽ നിന്ന് എടുക്കുന്നത്. വിപണിയിൽ 1200 മുതൽ 1500 രൂപ വരെയാണ് നെല്ലിന് വില. നെല്ല് വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ വിപണിയിൽ വില കൂടിയിട്ടുമില്ല.

ഈ സാഹചര്യത്തിൽ കൂടിയ വിലയ്ക്ക് സപ്ലൈകോ നെല്ല് സംഭരിക്കുന്നത് കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. വിളവെടുത്ത നെല്ല് ഉണക്കി പെറുക്കി വൃത്തിയാക്കി ചാക്കുകളിൽ നിറച്ച് തുന്നിക്കെട്ടി വേണം പാടശേഖരങ്ങളിൽ നിശ്ചയിക്കപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ. സപ്ലൈകോയ്ക്ക് നെല്ല് നൽകിയാൽ വൈകാതെ പണം ലഭിക്കുമെന്നതും കർഷകർക്ക് ഏറെ സഹായകരമാണ്. നെല്ല് സംഭരണത്തിന് മികച്ച പ്രതികരണമാണ് കർഷകരിൽ നിന്ന് ലഭിക്കുന്നത്.