img20220110
മണാശ്ശേരിയിൽ അശാകൻ നടത്തുന്ന സമരം

മുക്കം: ജീവനും സ്വത്തിനും സംരക്ഷണം ചോദിച്ച് മണാശ്ശേരിയിലെ മഠത്തിൽതൊടിക അശോകൻ നടത്തുന്ന നിരാഹാര സമരം 41 ദിവസം പിന്നിട്ടിട്ടും കണ്ട ഭാവം നടിക്കാതെ അധികാരികൾ. സ്വന്തം സ്ഥലം കൈയേറുന്നത് തടയണമെന്നും കെട്ടിടത്തിലും വഴിയിലും മാലിന്യം തള്ളരുതെന്നും മാത്രമാണ് ഈ അറുപതുകാരന്റെ ആവശ്യം.

അശോകൻ വ്യാപാരിയും കെട്ടിട ഉടമയും മാത്രമല്ല, ജീവകാരുണ്യ പ്രവർത്തകനും അറിയപ്പെടുന്ന സാമൂഹിക സേവകനുമാണ്. കൊവിഡ് വ്യാപന കാലത്ത് ഇദ്ദേഹത്തിന്റെ സേവനം നാടറിഞ്ഞതാണ്. ചികിത്സയ്ക്കും ക്വാറന്റൈൻ സൗകര്യത്തിനും കെട്ടിടം നൽകിയതിനുപുറമെ സൗജന്യ ഭക്ഷണവും നൽകിയതോടെ പ്രശംസയുമായി എത്തിയവരിൽ ജില്ലാ ഭരണകൂടം വരെ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് പരിസരത്തെ അശോകന്റെ ഹോട്ടലിൽ നിന്ന് നൽകുന്ന സൗജന്യ കഞ്ഞിക്ക് മൂന്നു പതിറ്റാണ്ടിന്റെ പ്രായമുണ്ട്.

മണാശ്ശേരിയിൽ പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ നല്ലൊരു ഭാഗം അയൽക്കാർ കൈയേറുകയും ഭാര്യയുടെ പേരിലുള്ള കെട്ടിട സമുച്ചയത്തിൽ ഉദ്ഘാടനത്തിന് തയ്യാറായ ഹോട്ടലിനും കൂൾബാറിനും ലൈസൻസ് നിഷേധിക്കുകയും ചെയ്തതോടെയാണ് നിരാഹാരമിരിക്കാൻ തീരുമാനിച്ചത്. സ്ഥലം കൈയേറിയതിനു പുറമെ മാലിന്യം തള്ളുകയും ചോദ്യം ചെയ്തതിന് കല്ലെറിയുകയും ചെയ്തതായി അശോകൻ പറയുന്നു. എന്നാൽ അശോകനോട് നഗരസഭയ്ക്ക് അനുഭാവപൂർവമായ സമീപനമാണെന്നും കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചതാണ് പ്രശ്നമെന്നുമാണ് നഗരസഭയുടെ പ്രതികരണം.