വടകര: വികസനം ജനങ്ങളെ സംരക്ഷിക്കുന്നതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതുമാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കർ. മാദ്ധ്യമപ്രവർത്തകൻ ഐ.വി.ബാബുവിന്റെ രണ്ടാംചരമവാർഷിക ദിനത്തിൽ കെ.റെയിൽ വേണ്ട പ്രമേയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ വലിയ സമരം നടക്കുകയാണ്. ഈ പദ്ധതിക്കെതിരെ ഞങ്ങളോടൊപ്പം സമരം ചെയ്യുന്നവരാണ് സി.പി.എം നേതൃത്വം. അതേ പാർട്ടി ഭരിക്കുന്ന കേരളത്തിൽ എന്തുകൊണ്ടാണ് സമാനമായ പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നത്. അവിടെ സാമ്പത്തിക ആഘാതവും പാരിസ്ഥിതിക പ്രശ്നങ്ങളും പറയുന്ന സി.പി.എം കേരളത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചുള്ള പദ്ധതിയെ അനുകൂലിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. രണ്ട് പ്രളയങ്ങളും ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങളും നേരിട്ടവരാണ് കേരള ജനത. അവിടെയാണ് 140 കിലോമീറ്ററിലേറെ നെൽവയലുകളും പുഴകളും ജലസ്രോതസുകളും ഇല്ലാതാക്കുന്ന ഭീമൻ പദ്ധതി കൊണ്ടുവരുന്നതെന്നും മേധാപടികർ പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിൽ മേധാപട്കറടക്കം തയ്യാറാക്കിയ ഹരിത മാനിഫെസ്റ്റോ വി.ടി.ബൽറാമിന് നൽകി. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷയായി. ഐ.വി.ബാബു അനുസ്മരണ പ്രഭാഷണം ഷാജി പാണ്ട്യാല നടത്തി. കെ.സി.ഉമേഷ്ബാബു, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ, എൻ.വേണു, പി.കെ.പ്രിയേഷ്‌കുമാർ, ടി.കെ.സിബി, പി.എം.വിനു എന്നിവർ സംസാരിച്ചു.