
കുറ്റ്യാടി: ഇരു വൃക്കകളും തകരാറിലായ 25 കാരനായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്ത് പാറേമ്മൽ മുരുകൻ - ബാലാമണി ദമ്പതികളുടെ മകൻ അജിത്താണ് വൃക്കകൾ തകരാറിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുന്ന ചികിത്സക്കുള്ള ചിലവു താങ്ങാനാവാത്ത നിർധന കുടുംബമാണ് അജിത്തിന്റേത്. മുരുകൻ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ കൂലിപ്പണി ചെയ്ത് കുടുംബം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷയായ മകന് അസുഖം പിടിപെടുന്നത്. കുളങ്ങരത്ത് പാറക്കുളത്തിനു സമീപം പണിതീരാത്ത കൂരയിൽ കഴിയുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം ഇരുട്ടിലാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത രക്ഷാധികാരി, വാർഡ് മെമ്പർ നസീറ ചെയർപേഴ്സൺ, മുരളി കുളങ്ങരത്ത് കൺവീനർ, സി. സൂപ്പി ട്രഷറർ ആയി ചികിത്സാ കമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഈ മാസം 14 ന് കുളങ്ങരത്ത്, നരിക്കാട്ടേരി, ചേലക്കാട് പൗർണ്ണമി വായനശാല, കക്കട്ടിൽ ഉൾപ്പെടെ നാലിടങ്ങളിൽ വച്ചു സഹായ പണപ്പയറ്റ് നടത്തും. കേരള ഗ്രാമീണ ബാങ്കിന്റെ കക്കട്ടിൽ ബ്രാഞ്ചിൽ ചികിത്സാ കമ്മിയുടെ പേരിൽ എസ്.ബി എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ 40215101057096 ഐ.എഫ്.എസ്. സി KLGB 0040215.