കൽപ്പറ്റ: ലൈഫ് ഭവനപദ്ധതിയുടെ സർവെ നടപടികൾ അനിശ്ചിതത്വത്തിലായതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിന് മുമ്പിൽ ധർണ നടത്തും.
ലൈഫ് ഭവനപദ്ധതിയിലെ അർഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള സർവ്വെ നടപടികൾ പൂർത്തിയാക്കേണ്ട അവസാനതിയ്യതി ജനുവരി 31 ആയി സർക്കാർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൃഷി അസിസ്റ്റന്റുമാരെയും, ബി.ഇ.ഒമാരെയും, പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെയും സംയുക്തമായാണ് സർവെ നടപടികൾക്ക് ചുമതലപ്പെടുത്തിയത്. എന്നാൽ കൃഷി അസിസ്റ്റന്റുമാർ കൃഷിവകുപ്പമായി മാത്രം ബന്ധപ്പെട്ട പ്രവർത്തികളിൽ ഏർപ്പെട്ടാൽ മതിയെന്ന കൃഷിവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് മൂലം സർവെയുമായി ഇവർ സഹകരിച്ചില്ല. കൃഷി അസിസ്റ്റന്റുമാരെ ചുമതലപ്പെടുത്തിയ വാർഡുകളിൽ സർവെ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പഞ്ചായത്ത് ഉദ്യോഗസ്ഥർ അമിതജോലിയെടുക്കേണ്ട സാഹചര്യവും ഇതുമൂലമുണ്ടായി. പഞ്ചായത്തീരാജ് നിയമങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാമ്പത്തികവർഷം ഒരാൾക്ക് പോലും ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാൻ സാധിച്ചിട്ടില്ല. ഭവനപദ്ധതിയിൽ നിന്ന് പകുതിയിലധികം ആളുകളെ ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാരിൽ നിന്നുണ്ടാകുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫ് പ്രതിഷേധം.
ടി.സിദ്ദിഖ് എം.എൽ.എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കെ.കെ.അഹമ്മദ്ഹാജി തുടങ്ങിയവർ സംസാരിക്കും.