azhiyur

വടകര: നിർദ്ദിഷ്ട മാഹി ബൈപാസ് റോഡിലെ ഓവുചാൽ നിർമ്മാണത്തിലുണ്ടായ അപാകത പരിഹരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ധാരണ. ദേശീയപാതയ്ക്ക് സമീപം 8,16,17,18 വാർഡുകളിൽ താമസിക്കുന്നവരുടെ പ്രശ്നം ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് ഫീൽഡ് പരിശോധനയും നടന്നു. ബൈപാസ്‌ ആരംഭിക്കുന്ന അഴിയൂരിലെ കുഞ്ഞിപ്പള്ളിക്ക് സമീപമുള്ള സർവീസ് റോഡിൽ അശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ചതിനാൽ നിലവിലുള്ള പഞ്ചായത്ത് റോഡുകൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം പൂർണമായും അടഞ്ഞുകിടക്കുകയാണ്. നിലവിലുള്ള വീടുകൾ, സ്ഥാപനങ്ങൾ, പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് പുതുതായി നിർമ്മിച്ച സർവീസ് റോഡിൽ നിന്ന് പ്രവേശനമാർഗം ഉണ്ടാക്കുന്നതിന് വിശദമായ പ്രൊപ്പോസൽ പ്രോജക്ട് ഡയറക്ടർക്ക് പഞ്ചായത്ത് മുഖേന നൽകുവാൻ തീരുമാനിച്ചു. നിലവിലുള്ള പഞ്ചായത്ത് റോഡിലേക്കും ഇടവഴിയിലേക്കുമുള്ള പ്രവേശനവഴി ഉണ്ടാക്കുന്നതിനും ധാരണയായി. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ സി.എം.സജീവൻ, സാലിം പുനത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ഇ.കെ.കെ കമ്പനി പ്രോജക്ട് മാനേജർ കെ.കെ.അനിൽകുമാർ, ദേശീയപാത എൻജിനിയർ ആർ.എസ്.ജഗന്നാഥൻ, ഇ.കെ.കെ കമ്പനി പ്രതിനിധികളായ കെ.സുകുമാരൻ, അതുൽ എസ് കുമാർ എന്നിവർ സംബന്ധിച്ചു.