കോഴിക്കോട്: കോഴിക്കോട് കല്ലായി ചക്കുംകടവിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കടകൾ പൂർണമായി കത്തിനശിച്ചു. വൈകീട്ട് 3.15 ഓടെയായിരുന്നു സംഭവം. ചക്കുംകടവിലെ പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്. പച്ചക്കറിയും

സി.പി. ഷംസുദ്ദീന്റെ പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി കടയും ഷാജുവിന്റെ ഫ്രിഡ്ജ് റിപ്പയർ കടയും ബഷീറിന്റെ ഫർണിച്ചർ കടയുമാണ് കത്തിനശിച്ചത്.

പച്ചക്കറി പലവ്യഞ്ജന കട മാത്രമാണ് ഇന്നലെ തുറന്നു പ്രവർത്തിച്ചിരുന്നത്.

ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂരയടക്കം പൂർണമായും നശിച്ചു.
ഫർണിച്ചർ കടയിൽ നിന്നാണ് മറ്റുകടകളിലേക്ക് തീപടർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കടകളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് സ്‌റ്റേഷൻ ഓഫീസർ റോബിൻ വർഗീസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റും ബീച്ചിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. കടയോടനുബന്ധിച്ച് ജനവാസ മേഖലയായതിനാൽ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഫയർഫോഴ്സിന്റെ നിഗമനം.