കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
സ്വയം നിർണയിക്കാനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനും കരുത്ത് കാട്ടുന്നതിൽ പെൺകുട്ടികൾ പരാജയ പ്പെടുന്നതാണ് സമീപകാലത്തെ പല പ്രശ്‌നങ്ങൾക്കും കാരണം. ലിംഗപരമായ സമത്വത്തിലേക്ക് സ്ത്രീകൾ എത്തിച്ചേരണം.
അതിക്രമങ്ങളെ നേരിടാൻ ഓരോ പെൺകുട്ടിയും ഇത്തരത്തിൽ കരുത്ത് കാണിക്കണം. മാനസികമായി കൂടി ബലം നേടാൻ കായിക അഭ്യാസങ്ങളും ആയോധനകലകളും സഹായകമാകും. മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടതാണ് എന്ന സന്ദേശം നൽകി വളർത്തുന്നതിനു പകരം ആത്മാഭിമാനത്തോടെ വളരാൻ രക്ഷിതാക്കൾ പെൺകുട്ടികൾക്ക് അവസരമൊരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് കരാട്ടേ, കളരി, കുങ്ഫൂ , നീന്തൽ, എയറോബിക്‌സ് ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധത്തിനുള്ള കഴിവും വർദ്ധിപ്പിക്കുക എന്നതാണ് സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വി.പ്രവീൺ കുമാർ, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.ബാബു, ഹെഡ് മാസ്റ്റർ എം.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, ഹൈസ്‌ക്കൂൾ പ്രധാനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.