കോഴിക്കോട്: ഇടുക്കി ഗവ.എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ മറവിൽ ജില്ലയിൽ 12 കോൺഗ്രസ് ഓഫീസുകളാണ് തകർത്തതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രകടനവുമായെത്തിയവർ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് അക്രമം അഴിച്ചുവിട്ടത്. അഴിയൂരിൽ ഗാന്ധിജിയുടെ ഫോട്ടോ പോലും തകർത്തു. നൂറോളം കൊടിമരങ്ങളും ഏഴ് സ്തൂപങ്ങളും നിരവധി ബോർഡുകളും തകർത്തു. അഴിയൂർ, കൊയിലാണ്ടി, ഓർക്കാട്ടേരി, പേരാമ്പ്ര, എടച്ചേരി, മേപ്പയൂർ, ചിങ്ങപുരം, മുക്കാളി, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ ആക്രമണം ഉണ്ടായത്. കുരുവട്ടൂരിലും ഓഫീസ് തകർക്കപ്പെട്ടു. ഭരണത്തിന്റെ തണലിൽ ആക്രമണം അഴിച്ചുവിടുന്നത് ഒഴിവാക്കിയില്ലെങ്കിൽ കോൺഗ്രസ് പ്രതിരോധത്തിനിറങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതാണ്. പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറാകണം.

എടച്ചേരിയിൽ ഓഫീസ് അടിച്ച് തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. കുരുവട്ടൂർ മണ്ഡലം കമ്മിറ്റി ഓഫീസും കൊടിമരവും തകർത്തു. കൊയിലാണ്ടിയിൽ സി.കെ.ജിയുടെ പേരിലുള്ള ബ്ലോക്ക് കോൺഗ്രസ് ഓഫീസാണ് ആക്രമിച്ചത്. സി.പി.എം പ്രകടനത്തിൽ പങ്കെടുത്തവരാണ് ആക്രമണം നടത്തിയത്. മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.ബാലനാരായണൻ, യു.വി.ദിനേശ്‌മണി, പി.എം.അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ എന്നിവർ പങ്കെടുത്തു. ആക്രമിക്കപ്പെട്ട കൊയിലാണ്ടിയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്രി ഓഫീസും മുക്കാളിയിലെ ഓഫീസും എം.കെ.രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറും സന്ദർശിച്ചു.