കൽപ്പറ്റ: ഇടുക്കി സംഭവത്തിന്റെ പേരിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും, കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തുകൊണ്ട് സി.പി.എം നടത്തുന്ന തേർവാഴ്ച അവസാനിപ്പിക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കുന്നത് കൊണ്ടാണ് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകാത്തത്. ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കാനാണ് ശ്രമമെങ്കിൽ കോൺഗ്രസ് ശക്തമായി തിരിച്ചടിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ.ഏബ്രഹാം, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, ടി.ജെ.ഐസക്, എൻ.കെ.വർഗീസ്, പി.പി.ആലി, കെ.വി.പോക്കർഹാജി, സംഷാദ് മരക്കാർ തുടങ്ങിയവർ സംസാരിച്ചു.