മാനന്തവാടി: കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ. കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 650 ൽപരം ഉദ്യോഗാർഥികൾ പങ്കെടുത്തു. ജോബ് ഫെയറിൽ പങ്കെടുത്ത 47 കമ്പനികളിൽ 25 കമ്പനികൾ നേരിട്ടും 22 കമ്പനികൾ ഓൺലൈനിലൂടെയും ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തി വിവിധ തൊഴിലുകൾ ഓഫർ ചെയ്തു.
അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലി (കെഡിസ്‌ക്ക്)ന്റെ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ വഴി സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തൊഴിൽ മേള സർക്കാർ നടത്തി വരികയാണ്. തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ജോബ് റെഡിനെസ്, ഇന്റർവ്യൂ സ്‌കിൽ എന്നിവയിൽ സൗജന്യ പരിശീലനം കേരള നോളജ് ഇക്കോണമി മിഷനും കുടുബശ്രീയുടെ സ്‌കിൽ വിഭാഗവും നടത്തിയിരുന്നു.
രാവിലെ 8.30 ന് ആരംഭിച്ച തൊഴിൽ മേള വൈകീട്ട് 6 വരെ നീണ്ടു. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, കെ.കെ.ഇ.എം പ്രോഗ്രാം മാനേജർ സി. മധുസൂദനൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോൺ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഒ.മണിലാൽ, മാനന്തവാടി അസിസ്റ്റ്ന്റ് ലേബർ ഓഫീസർ ടി.കെ.ജിജു, മാനന്തവാടി ഗവ കോളേജ് പ്രിൻസിപ്പൽ കെ.അബ്ദുൾ സലാം, പ്രോഗ്രാം മാനേജർ എം.സലീം എന്നിവർ സംസാരിച്ചു.
(ഫോട്ടോ)
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽമേള മാനന്തവാടി ഗവ. കോളേജിൽ ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു