മാനന്തവാടി: ഊർജകേരള മിഷന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന സൗര പുരപ്പുറ സോളാർ ഫേസ് 1 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സോളാർ പ്ലാന്റുകൾ നാടിന് സമർപ്പിച്ചു. മൂന്ന് നിയോജക മണ്ഡലത്തിലേയും ഓരോ പ്രോജക്ടുകളാണ് ഉദ്ഘാടനം ചെയ്തത്. ആകെ 68 കിലോ വാട്ട് ശേഷിയാണ് മൂന്ന് കേന്ദ്രങ്ങൾക്കുമായി ഉളളത്. ടാറ്റാ പവർ സോളാർ കമ്പനിയാണ് പദ്ധതികളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഓരോ നിലയിൽ നിന്നും ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളുടെ പത്ത് ശതമാനം ഉപഭോക്താവിന് പ്രതിമാസം സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് 500 മെഗാവാട്ട് വൈദ്യുതിയാണ് സൗരനിലയങ്ങൾ വഴി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

മാനന്തവാടി മണ്ഡലത്തിൽ തൃശ്ശിലേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച 30 കിലോ വാട്ട് ശേഷിയുള്ള നിലയത്തിന്റെ ഉദ്ഘാടനം ഒ.ആർ.കേളു എം.എൽ.എ നിർവ്വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 12,72,112 രൂപയാണ് പദ്ധതി ചെലവ്. മാസത്തിൽ ശരാശരി 3600 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പിണങ്ങോട് വയനാട് ഓർഫനേജ് ഹൈസ്‌കൂളിൽ 10 കിലോ വാട്ട് ശേഷിയുള്ള നിലയം വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രേണുക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 4,82,434 രൂപ ചെലവിട്ട പദ്ധതിയിൽ നിന്നും 1200 യൂണിറ്റ് വൈദ്യുതി ലഭിക്കും.

ബത്തേരി അമ്മായിപ്പാലം കാർഷിക മൊത്തവിതരണ കേന്ദ്രത്തിൽ സ്ഥാപിച്ച 28 കിലോ വാട്ട് ശേഷിയുള്ള സോളാർ നിലയം മുനിസിപ്പൽ ചെയർമാൻ ടി.കെ.രേമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ അദ്ധ്യക്ഷത വഹിച്ചു. 11,87,304 രൂപ ചെലവിട്ട പദ്ധതിയിൽ നിന്നും 3360 യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. കെ.സ്.ഇ.ബി കൽപ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.