സുൽത്താൻ ബത്തേരി: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മരത്തിൽ കുടുങ്ങിയ മൂന്ന് പേരെ ബത്തേരി അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. കല്ലൂർ ചുണ്ടക്കരയിൽ നാൽപ്പത് അടി ഉയരമുള്ള പ്ലാവിൽ കുടുങ്ങി അവശനിലയിലായ ബേബി (40), ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനായി മരത്തിൽ കയറിയ മൂലങ്കാവ് സ്വദേശി തളുത്തുമാക്കൽ ഷൈജു (38) എന്നിവരെയാണ് ഇന്നലെ കാലത്ത് എട്ടേമുക്കാലോടെ രക്ഷപ്പെടുത്തിയത്. ഒമ്പതരയോടെ പാപ്ലശ്ശേരി അഴിക്കോടൻ നഗറിൽ 25 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ നടിക്കുന്നേൽ മനോജ്(46) നെയും രക്ഷപ്പെടുത്തി.
ചുണ്ടക്കരയിലെ മണ്ണൂർകുന്ന് ബേബി ആടിന് തീറ്റയ്ക്കായാണ് പ്ലാവിൽ കയറിയത്. മരത്തിൽ കയറിയ ഉടൻ അസ്വസ്ഥത അനുഭവപ്പെട്ട ഇയാൾ മരത്തിന്റെ കമ്പുകൾക്കിടയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. താഴെ നിൽക്കുകയായിരുന്ന മൂലങ്കാവ് സ്വദേശി തളത്തുമാക്കൽ ഷൈജു ഉടൻ മരത്തിൽ കയറിയെങ്കിലും ബേബിയെ താഴെയിറക്കാനായില്ല. ബേബിയെ താഴെ വീഴാതെ അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതുവരെ പിടിച്ചുകൊണ്ടിരുന്ന ഷൈജുവും അവശനായി. ഒരു മണിക്കൂർ പരിശ്രമത്തിന് ശേഷം ഫയർഫോഴ്സ് രണ്ട് പേരെയും സുരക്ഷിതമായി താഴെ ഇറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പി.കെ.ഭരതൻ, എൻ.ബാലകൃഷ്ണൻ (ഗാഡ്) എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിജുമോൻ, കെ.എസ്.മോഹനൻ, എൻ.എസ്.അനൂപ്, സജീവൻ, ധനീഷ് കുമാർ, വിനീത്, അഖിൽരാജ്, അജിൽ, ബേസിൽ, അനുറാം, രൻജിത്ത്‌ലാൽ, കെ.സി.പൗലോസ്, ഫിലിപ്പ് എബ്രഹാം എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ചക്കപറിക്കാനാണ് പാപ്ലശ്ശേരി അഴിക്കോടൻനഗർ നാടിക്കുന്നേൽ മനോജ് പ്ലാവിൽ കയറിയത്. മരത്തിന്റെ മുകളിലെത്തിയതോടെ തളർച്ച അനുഭവപ്പെടുകയും മരത്തിൽ നിന്ന് താഴെയിറങ്ങാൻ കഴിയാതെ വരുകയുമായിരുന്നു.
അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ.ഭരതൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗാഡ്) എൻ.വി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.സിജു, കെ.എസ്.മോഹനൻ, എൻ.എസ്.അനൂപ്, സജീവൻ, ധനീഷ്‌കുമാർ, സുജേയ്ശങ്കർ, കീർത്തിക് കുമാർ, അനുറാം. പി.കെ.ശശിന്ദ്രൻ, ഷിനോജ് ഫ്രാൻസീസ് എന്നിവരാണ് മനോജിനെ രക്ഷിച്ചത്.

ഫോട്ടോ--ചുണ്ടക്കര
ചുണ്ടക്കര മണ്ണൂർകുന്നിൽ മരത്തിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന നിലത്തിറക്കുന്നു

ഫോട്ടോ--അഴി
പാപ്ലശ്ശേരി അഴിക്കോടൻനഗറിൽ പ്ലാവിൽ കയറികുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു