
കുറ്റ്യാടി: നാളീകേരത്തിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന കുറ്റ്യാടി ഇനി മുതൽ കായിക രംഗത്തും ഇടം പിടിക്കും. കുറ്റ്യാടി, പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ വേളത്തെ പ്രകൃതി രമണീയമായ പ്രദേശത്ത് അഞ്ച് ഏക്കറോളം ഭൂമിയിൽ വിശാലമായ കളിക്കളമാണ് കായികലോകത്തിന് കൂട്ടായി ഒരുങ്ങുന്നത്.
കുറ്റ്യാടി, വേളം, ചങ്ങരോത്ത്, ആയഞ്ചേരി, വില്യാപ്പളി, പുറമേരി പഞ്ചായത്തുകളിലെ ആയിരകണക്കിന് കായിക വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്ന രീതിയിലാണ് എം.ബി.എ എന്ന കായിക പരിശീലന കേന്ദ്രം ഉയരുന്നത്.
വേളം ഹയർ സെക്കൻഡറി സ്കൂളിലെ കായിക അദ്ധ്യാപകനും ഇന്ത്യയിലെ തന്നെ മികച്ച വോളിബാൾ കളിക്കാരനും കോച്ചുമായ പി.പി മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു കൂട്ടായിമ തന്നെ ഈ പരിശ്രമത്തിനു പിന്നിലുണ്ട്. വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസുകൾക്ക് പുറമെ ആയോധന കലകളായ കളരി, കരാട്ടെ എന്നിവയും അക്കാഡമിയിൽ വച്ച് മികച്ച പരിശീലകരുടെ മേൽനോട്ടത്തിൽ പരിശീലിപ്പിക്കും. ജനുവരി 26 ന് തുറന്നു നൽകാനാണ് ഉദ്ദേശിക്കുന്നത്.
യോഗ്യരായ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാവാതെ പാതിവഴിയിൽ പരിശീലനം ഉപേക്ഷിക്കുന്ന സാഹചര്യം വർദ്ധിക്കുന്ന ഘട്ടത്തിലാണ് ഉത്തരവാദിത്വത്തോടെ കായികാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുക എന്ന സന്ദേശവുമായി എം.ബി.എ എന്ന കായിക പരിശീലന കേന്ദ്രം ഉയരുന്നത്.
തുടക്കത്തിൽ പത്ത് വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നൽകി മികച്ച രീതിയിൽ കായിക വിദ്യാഭ്യാസം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പി.പി.മുഹമ്മദ് പറഞ്ഞു. ദേശീയ സംസ്ഥാന ജില്ല തലങ്ങളിൽ നടന്ന വോളിബാൾ, ഫുട്ട്ബോൾ ടൂർണ്ണമെന്റുകളിൽ അംഗികാരം നേടിയ കളിക്കാർക്കും ആവശ്യമായ സൗകര്യം എം.ബി.എ സ്പോർട്ട്സ് അക്കാഡമിയിൽ ഒരുക്കിട്ടുണ്ട്.
കായികരംഗത്തെ മുഴുവൻ കഴിവുകളെയും പരിപോഷിപ്പിച്ചു കൊണ്ടുളള എം.ബി.എ അക്കാഡമിയുടെ തുടക്കം ഏറെ പ്രശംസാർഹമാണ് - അഹമ്മദ് ദേവർ കോവിൽ, പുരാവസ്തു മന്ത്രി അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന വേളം മേഖലയിൽ ഒരു സ്പോർട്ട്സ് അക്കാഡമിയുടെ വരവ് യുവതലമുറയ്ക്ക് ആശ്വാസമാണ്- നയീമ കുളമുള്ളതിൽ,പ്രസിഡന്റ് ,വേളം ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് അത്യാവശ്യമായ കായികാരോഗ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള അക്കാഡമിയുടെ പ്രവർത്തനം നാഴികകല്ലാണ്- കെ.സി ബാബു, വൈസ് പ്രസിഡന്റ്, വേളം ഗ്രാമ പഞ്ചായത്ത്