കൽപ്പറ്റ: സംസ്ഥാന പദ്ധതികൾക്കപ്പുറം ജില്ലയ്ക്ക് അനുയോജ്യമായ പദ്ധതികൾ കണ്ടെത്തി ഫലപ്രദമായി നടപ്പാക്കുന്നതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്ന് ജില്ലാ കാർഷിക വികസന സമിതി. കാപ്പി സംഭരണത്തിന് പദ്ധതി തയ്യാറാക്കുമ്പോൾ പ്രാദേശിക സഹകരണ സംഘങ്ങളെ കൂടി ഉപയോഗപ്പെടുത്തി നടപ്പാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
കൊയ്തുയന്ത്രങ്ങളില്ലാത്തതിനാൽ പലയിടത്തും കർഷകർക്ക് കൊയ്ത്ത് പൂർത്തീകരിക്കാൻ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുളള പദ്ധതി തയ്യാറാക്കണമെന്നും ഒ.ആർ.കേളു എം.എൽ.എ പറഞ്ഞു. ഗ്രാമതലത്തിലെ അഗ്രോ ക്ലിനിക്കുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുളള നടപടികളും ഉണ്ടാകണം.
രാസവളത്തിന്റെ ക്ഷാമവും വിലവർദ്ധനവും കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു.
ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ കർഷകർക്ക് പ്രയോജനകരമാക്കാനുളള നടപടികൾ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ഫാം സ്ഥാപിക്കുന്നതിനുളള പ്രോജക്ട് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കാനുളള നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുരളീധര മേനോൻ കൃഷി വകുപ്പ് പദ്ധതികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ബേബി, സി.അസൈനാർ, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ തുടങ്ങിയവർ സംസാരിച്ചു.