കോഴിക്കോട്: നഗരത്തിലെ ഓവുചാലുകളും റോഡുകളും ശുചീകരിക്കുന്നതിന് ആധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് മേയർ ഡോ. ബീന ഫിലിപ്പും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. ജയശ്രീയും സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ നിവേദക സംഘത്തെ അറിയിച്ചു.
അടുത്ത മഴക്കാലത്തിനു മുമ്പ് മൊയ്തീൻ പള്ളി റോഡിലെയും ബേബി ബസാറിലെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ ഓവുചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതികൾ വിശദീകരിക്കുന്നതിനും, വിജയിപ്പിക്കുന്നതിനും വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നഗര ശുചീകരണത്തിന് കോർപ്പറേഷൻ ഓർഡർ നൽകിയ ഉപകരണങ്ങളുടെയും, വാങ്ങാനുദ്ദേശിക്കുന്ന ആധുനിക ഉപകരണങ്ങളുടെ ഗുണങ്ങളും അവർ വിശദീകരിച്ചു. ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി ഹാഷിം, രക്ഷാധികാരി ഷെവ. സി. ഇ.ചാക്കുണ്ണി, സി.കെ. മൻസൂർ നോവക്സ്, സി.സി.മനോജ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.