കൽപ്പറ്റ: ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസറായി വിരമിച്ചയാളുടെ കാഴ്ചയില്ലാത്ത 3 മക്കളുടെ ചികിത്സയ്ക്കായി വികലാംഗ പെൻഷൻ അനുവദിക്കാൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
സുൽത്താൻ ബത്തേരി പുത്തൻകുന്ന് സ്വദേശി രാജേശ്വര ദയാൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്.
പെൻഷൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് നെൻമേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് താൻ നൽകിയ അപേക്ഷ കുടുംബത്തിന്റെ വാർഷിക വരുമാനം കൂടുതലായതിനാൽ നിരസിച്ചുവെന്നാണ് പരാതി. മക്കളുടെ ചികിത്സയ്ക്ക് പ്രതിമാസം 50,000 രൂപയോളം ചെലവു വരുമെന്ന് പരാതിയിൽ പറയുന്നു. തനിക്ക് കിട്ടുന്ന പെൻഷൻ മക്കളുടെ ചികിത്സയ്ക്കും കുടുംബ ചെലവിനും തികയുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു.
കമ്മീഷൻ വയനാട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. വികലാംഗ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം രാജേശ്വര ദയാലിന്റെ വരുമാന പരിധി അധികരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇളവ് അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.
സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.