സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ മൂവായിരത്തിന് മുകളിൽ അതിദരിദ്രർ. ഏറ്റവുമധികം അതിദരിദ്രർ ഉള്ളത് തിരുനെല്ലി പഞ്ചായത്തിൽ. തൊട്ടു പിന്നിലുള്ളത് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളാണ്.
അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി നടക്കുന്ന സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ പിന്നാക്കം നിൽക്കുന്ന പഞ്ചായത്താണ് തിരുനെല്ലി. താമസം ഇവിടെയാണെങ്കിലും കർണാടകയെ ആശ്രയിച്ചാണ് അതിർത്തിയിലുള്ളവർ കഴിയുന്നത്. പലർക്കും റേഷൻ കാർഡ്‌പോലുമില്ല. മിക്കവാറും ഇവർ അയൽ സംസ്ഥാനത്തായതിനാൽ ഇവരുടെ ക്ഷേമകാര്യങ്ങളിൽ വേണ്ട ശ്രദ്ധനൽകാൻ കഴിയാത്തതാണ് ഇവർ അതിദരിദ്രരായി മാറാൻ കാരണം.
ആഹാരം, പാർപ്പിടം, വരുമാനം, ആരോഗ്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ കണ്ടെത്തിയത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ഇരുപത് അംഗങ്ങളുള്ള ഒരു വാർഡ് തല സമിതിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. സമിതിക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. അയൽകൂട്ടം, എഡിഎസ്, ആശാവർക്കർ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ, വാർഡ്‌മെമ്പർ, ഉദ്യോഗസ്ഥ പ്രതിനിധികൾ,പൗരപ്രമുഖർ തുടങ്ങിയവരാണ് സമിതിയിലുള്ളത്. ഇവർ മാനദണ്ഡമനുസരിച്ച് വിലയിരുത്തി നൽകിയ ലിസ്റ്റ് ഫോക്കസ് ഗ്രൂപ്പിന് നൽകി. ഇവരാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.
തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ നിലവിൽ ദരിദ്ര രേഖയിലുള്ളവരാണങ്കിലും വരുമാനം ലഭിക്കുന്നതിനാൽ അതിദരിദ്രരുടെ പട്ടികയിൽപ്പെടുന്നില്ല. എന്നാൽ പ്രാക്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട, വനത്തിൽ കഴിയുന്നവരെയും നഗരദരിദ്രരെയും ഉൾപ്പെടുത്തുന്നുണ്ട്. നാല് മേഖലകളിലെയും ഇവരുടെ സ്ഥിതി വിലയിരുത്തിയാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
സർവ്വേ പ്രകാരം ഒരു വാർഡിൽ ശരാശരി നാല് അതിദരിദ്രരെ വരെ കണ്ടെത്തിയിട്ടുണ്ട്. ഒരു അതിദരിദ്രർ പോലുമില്ലാത്ത പഞ്ചായത്തിലെ വാർഡുകളുമുണ്ട്. ഈ മാസം 31 നാണ് അതിദരിദ്രരുടെ അന്തിമ ലിസ്റ്റ് പുറത്ത് വരുന്നത്. വയനാട് ജില്ലയിലെ സർവ്വേ പൂർത്തിയായി കഴിഞ്ഞു. ഇനി ഉപരികമ്മറ്റി ജില്ലാ ബ്ലോക്ക് തലങ്ങളിലുള്ള മോണിറ്ററിംഗ് മാത്രമെ നടക്കാനുള്ളൂ. അത് ഈ 15 ഓടെ പൂർത്തീകരിക്കും.