ഗൂഡല്ലൂർ: കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും പൊങ്കൽ ആഘോഷിക്കാൻ തമിഴ് ജനത മനസുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു. ഗംഭീരമായി കൊണ്ടാടുന്ന ആഘോഷങ്ങളാണ് ദീപാവലിയും പൊങ്കലും. നിയന്ത്രണങ്ങളോടെ പൊങ്കൽ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിക്കഴിഞ്ഞു.
കൊവിഡ് ഒമിക്രോൺ ഭീഷണികാരണം പതിവ് പകിട്ട് പൊങ്കലിന് ഇല്ലെങ്കിലും പൊങ്കൽ ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലാണ് എല്ലാവരും. റേഷൻ കടവഴി 21 ഇനം സാധനങ്ങളാണ് പൊങ്കലിന്റെ ഭാഗമായി സർക്കാർ സൗജന്യമായി നൽകിയത്. അരിയും മറ്റ് പലവ്യഞ്ജനസാധനങ്ങളും കരിമ്പ് ഉൾപ്പെടെയുള്ളവയും, മുണ്ടും സാരിയുമെല്ലാം അടങ്ങുന്നതാണ് കിറ്റ്. തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കുമെല്ലാം പൊങ്കലിന്റെ ഭാഗമായി ബോണസും നൽകി കഴിഞ്ഞു.
ജെല്ലിക്കെട്ട് ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ പൊങ്കലിനാണ് അരങ്ങേറുന്നത്. നാട്ടിൻ പുറങ്ങളിൽ കായിക ശക്തി തെളിയിക്കുന്നതിന് വേണ്ടി കബഡി, കാളവണ്ടി ഓടിക്കൽ മൽസരങ്ങളും നടത്തും. മറ്റ് സ്ഥലങ്ങളിൽ ജോലിതേടി പോയവരെല്ലാം പൊങ്കൽ ദിനത്തിൽ സ്വന്തം വീടുകളിലെത്തും. പൊങ്കലുമായി ബന്ധപ്പെട്ട് പ്രത്യേക വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. പൊങ്കലിന് മൂന്ന് ദിവസത്തെ അവധി നൽകിയിട്ടുണ്ട്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾക്കും ഇന്ന് പൊങ്കൽ പ്രമാണിച്ച് സംസ്ഥാന സർക്കാർ അവധി നൽകിയിട്ടുണ്ട്. നീലഗിരി ജില്ലയോട് ചേർന്ന് കിടക്കുന്ന വയനാട്ടിൽ തോട്ടം മേഖലയുമായി ബന്ധപ്പെട്ട് നിരവധി തമിഴ് വംശജരുണ്ട്. ഇവരെല്ലാം പൊങ്കൽ അവരുടെ ജോലി സ്ഥലങ്ങളിൽവെച്ച് ആഘോഷിക്കുകയാണ്. നീലഗിരിയോടൊപ്പം വയനാടും ഇന്നും പൊങ്കൽ ആഘോഷത്തിലാണ്.
ഫോട്ടോ--കിറ്റ്
പൊങ്കൽ ആഘോഷിക്കുന്നതിനായി റേഷൻ കട വഴി നൽകുന്ന കിറ്റുമായി പോകുന്നവർ
ഫോട്ടോ--കൊടി
സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുനോറ പള്ളി പെരുന്നാളിന് വികാരി ഫാ.ജോർജ് വർഗീസ് കൗങ്ങുമ്പിള്ളി കൊടി ഉയർത്തുന്നു