കൽപ്പറ്റ: റേഷൻകട വഴി മട്ട അരി നൽകണമെന്ന വയനാട് ജില്ലയുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഫെബ്രുവരി മാസം മുതൽ അരി വിതരണം ചെയ്തു തുടങ്ങുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിജി.ആർ.അനിൽ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ റേഷൻ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻഗണനേതര വിഭാഗത്തിൽപ്പെട്ടവർക്ക് (പച്ചയും നീലയും കാർഡുകൾ) കൂടുതൽ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയിൽ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വിദൂര സ്ഥലങ്ങളിലുളള ആദിവാസി ഊരുകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുളള സഞ്ചരിക്കുന്ന റേഷൻകട സംവിധാനം കൂടുതൽ കോളനികളിലേക്ക് വ്യാപിപ്പിക്കും. വൈത്തിരി താലൂക്കിലെ അമ്പ, അരണമല, മാനന്തവാടി താലൂക്കിലെ മീൻകൊല്ലി ആദിവാസി കോളനികളിലേക്കു കൂടി റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന റേഷൻകട ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ 6377 മുൻഗണന കാർഡുകൾ വിതരണം ചെയ്തു. അനർഹമായി മുൻഗണനാകാർഡുകൾ കൈവശം വെച്ചിരുന്ന 2013 കാർഡുകൾ ഇക്കാലയളവിൽ പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിനുളള തെളിമ പദ്ധതി പ്രകാരം 961 അപേക്ഷകളിൽ തീർപ്പുണ്ടാക്കി. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകളുമായി ബന്ധപ്പെട്ട കേസുകളിൽ അദാലത്തിലൂടെ 14 എണ്ണത്തിൽ തീർപ്പുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
അദാലത്തിൽ റേഷനിംഗ് കൺട്രോളർ എസ്.കെ.ശ്രീലത, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.എ.സജീവ്, താലൂക്ക് സപ്ലൈ ഓഫീസർമാർമാരായ പി.വി.ജയപ്രകാശ്, പി.ഡി.നാരായണൻകുട്ടി, ആഭാ രമേശ്, ഇ.എസ്.ബെന്നി, ടി.ആർ.ബിനിൽകുമാർ, ഒ.ജി. സനോജ്, നയന പുരുഷോത്തമൻ, രാജേന്ദ്രപ്രസാദ്, എമാനവേൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.