സുൽത്താൻ ബത്തേരി: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിക്കാൻ യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളിൽ ഒന്നാണ് എടയ്ക്കൽ ഗുഹയെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരികയാണെന്നും മ്യൂസിയം തുറമുഖം പുരാവസ്തു പുരാരേഖാ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എടയ്ക്കൽ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശില്പശാലയും ബത്തേരി സപ്ത റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രപണ്ഡിതനായ ഡോ.എം.ആർ രാഘവവാര്യരുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയെയാണ് എടയ്ക്കൽ സംരക്ഷണവും വികസനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സർക്കാർ നിയോഗിച്ചത്.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണ്ണാടകത്തിലും ഒന്നിലധികം ലോക പൈതൃക സ്ഥാനങ്ങൾ ഉണ്ടെന്നിരിക്കെ പൈതൃക സമ്പത്തുകൊണ്ട് സമ്പന്നമായ കേരളത്തിൽ നിന്ന് ഒന്നു പോലും പട്ടികയിലില്ല. യുനെസ്‌കോ നിഷ്‌കർഷിച്ചിട്ടുള്ള 10 മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെട്ടാൽ അതിന് പൈതൃക പദവിക്ക് അർഹത ഉണ്ടെന്നിരിക്കെ ഒന്നിലധികം മാനദണ്ഡങ്ങൾ തൃപ്തികരമായി പാലിക്കപ്പെട്ടിട്ടുള്ള എടയ്ക്കലിന് പൈതൃക പദവി ലഭിക്കുമെന്നതിൽ സംശയമില്ല.

എടക്കൽ ചിത്രങ്ങൾ ഏറെ സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്. കരിങ്കൽ മണൽ ഖനനത്തിനായി ചുറ്റുമുള്ള പാറകളും മലകളും ഇടിക്കുമ്പോൾ നഷ്ടപ്പെടുന്നത് വലിയൊരു പൈതൃക സമ്പത്താണ്. എടക്കലിനു ചുറ്റും നടന്നുവരുന്ന അതിവേഗമുള്ള നഗരവൽക്കരണവും ചർച്ചകൾക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.

ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ടൂറിസം പുരാവസ്തു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവർ ഓൺലൈനായി ശില്പശാലയിൽ സംസാരിച്ചു. വിദഗ്ധ സമിതി ചെയർമാൻ ഡോ.എം.ആർ. രാഘവവാര്യർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ജനാർദ്ദനൻ, ഡെപ്യൂട്ടി കലക്ടർ കെ.അജീഷ്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, പുരാവസ്തു സംരക്ഷണ ഓഫീസർ എസ്. ജൈകുമാർ എന്നിവർ പങ്കെടുത്തു. സംഘം ഇന്ന് എടയ്ക്കൽ ഗുഹ സന്ദർശിക്കും.

>>>>>>>>>>

എടയ്ക്കൽ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട ശില്പശാല മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.