മാനന്തവാടി: കർണാടക-കേരള അതിർത്തി ഗ്രാമമായ മീൻകൊല്ലിയിൽ കർണ്ണാടകയിൽ നിന്നുള്ള മദ്യക്കടത്ത് വ്യാപകമാകുന്നു. ആദിവാസികൾ ഉൾപ്പെടെ നിരവധി പേരാണ് കർണ്ണാടകയിൽ നിന്നുള്ള മദ്യം ദിവസവും കഴിക്കുന്നത്. മീൻകൊല്ലിയിലെ നിരത്തുകളിലും വഴിയരികിലും ഒഴിഞ്ഞ മദ്യപാക്കറ്റുകൾ കൊണ്ട് നിറയുകയാണ്.
ഇവിടങ്ങളിലെ ആദിവാസി കുടുംബങ്ങളിലെ നിരവധി പേർ മദ്യത്തിനടിമകളാണ്. രാവിലെ തന്നെ മദ്യം തേടിയുള്ള യാത്രയിലാണിവർ. മദ്യം പിടിമുറുക്കിയതോടെ നിരവധി കുടുംബങ്ങളുടെ താളംതെറ്റി.
ഇവിടുത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലുടെയായിരുന്നു മദ്യക്കടത്ത് നടന്നുകൊണ്ടിരുന്നത്. തോട്ടം കമ്പിവേലി വച്ച് അടച്ചെങ്കിലും മീൻകൊല്ലിയിലെ പാലത്തിനടിയിലൂടെയായി മദ്യക്കടത്ത്. ഈ വഴിയും വീട്ടമ്മമാർ ചേർന്ന് വേലികെട്ടി അടച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ വേലി ചാടിയും മദ്യക്കടത്ത് സജീവമാണ്.
കേരളത്തിലും കർണ്ണാടകയിലും സംയുക്ത പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഈ വഴി വരാറില്ലെന്നും ഇതിനെതിരെ ശക്തമായ സമരമാരംഭിക്കുമെന്നും കോളനിവാസികൾ പറഞ്ഞു.